മതിയായ വിശ്രമമില്ലാത്തത്  ശുഭ്മന്‍ ഗില്ലിന് സമ്മര്‍ദമുണ്ടാക്കിയെന്നും അത് പരുക്കിന് കാരണമായെന്നുമുള്ള  വാദങ്ങള്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ തള്ളിയെന്ന് സൂചന. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെയാണ് ഗില്ലിന്‍റെ കഴുത്തുളുക്കിയത്. ജോലി സമ്മര്‍ദമെന്നത് ഗില്ലിന്‍റെ കാര്യത്തില്‍ ഉദിക്കുന്നതേയില്ലെന്ന് ഗംഭീര്‍ പറഞ്ഞുവെന്ന് മുന്‍ താരം ആകാശ് ചോപ്ര പറയുന്നു. ഗംഭീറിനോട് താന്‍ ഇക്കാര്യം ചോദിച്ചപ്പോഴാണ് വിശ്രമം വേണമെങ്കില്‍ ഗില്‍ ഐപിഎല്‍ ഒഴിവാക്കട്ടെ എന്ന് ഗംഭീര്‍ പ്രതികരിച്ചെതെന്ന് ആകാശ് ചോപ്ര പറയുന്നു.

'വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് മല്‍സരത്തിന് മുന്‍പാണ് ഗംഭീറിനോട് ഞാന്‍ ഇക്കാര്യം ചോദിച്ചത്. വര്‍ക്ക് ലോഡ്  ഉണ്ടെന്ന് തോന്നുന്നവര്‍ ഐപിഎല്‍ ഒഴിവാക്കണം. ഐപിഎല്‍ ടീം നിങ്ങളെ സമ്മര്‍ദത്തിലാക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ടീമിനെ നയിക്കാന്‍ പറ്റുന്നില്ലെങ്കില്‍ നായകനുമാകണ്ടതില്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ മതിയായ ശാരീരികക്ഷമതയുള്ളരാണെങ്കില്‍ നിങ്ങള്‍ക്ക് മാനസികമായി ക്ഷീണമുണ്ടാകുകയില്ല' എന്നായിരുന്നു ഗംഭീറിന്‍റെ മറുപടിയെന്നും ചോപ്ര വിവരിക്കുന്നു. മാനസികമായി കളി അവസാനിപ്പിക്കാമെന്ന് തീരുമാനിക്കുന്നത് വരെ ഫോമിലുള്ളവര്‍ കളി തുടരുന്നതില്‍ തെറ്റില്ലെന്നും ചോപ്ര വിശദീകരിച്ചു. ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം നല്ല ഫോമിലുള്ളപ്പോള്‍ പരമാവധി റണ്‍സ് നേടുകയാണ് വേണ്ടത്. എപ്പോഴാണ് ഫോം ഔട്ടാകുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നതാണ് അതിന്‍റെ കാരണമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. 

വിശ്രമമില്ലാതെ തുടര്‍ച്ചയായുള്ള മല്‍സരങ്ങള്‍ 25കാരനായ ഗില്ലിനെ ക്ഷീണിപ്പിക്കുന്നുണ്ടെന്നും മാനസിക–ശാരീരിക സമ്മര്‍ദമുണ്ടാക്കുന്നുവെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ടെസ്റ്റില്‍ നായകനായി അവരോധിക്കപ്പെട്ടതിന് പിന്നാലെ നടന്ന ഇംഗ്ലണ്ട് പര്യടത്തിന് ശേഷം ഗില്ലിന് മതിയായ വിശ്രമം ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. മൂന്ന് ഫോര്‍മാറ്റുകള്‍ക്കിടയില്‍ മറ്റുതാരങ്ങള്‍ക്കെല്ലാം വിശ്രമം ലഭിച്ചപ്പോള്‍ മല്‍സരശേഷം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കെന്ന നിലയില്‍ ഗില്‍ യാത്ര ചെയ്യുകയായിരുന്നുവെന്നാണ് കണക്കുകളും വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം സൈമണ്‍ ഹാര്‍മറുടെ പന്ത് നേരിടുന്നതിനിടെയാണ് താരത്തിന്‍റെ കഴുത്തുളുക്കിയത്. ടീം ഫിസിയോ ഉടന്‍ തന്നെ എത്തി പരിശോധിച്ചിരുന്നുവെങ്കിലും കടുത്ത വേദനയെ തുടര്‍ന്ന് താരം ക്രീസ് വിട്ടു. ഒരു ദിവസത്തിന് ശേഷമാണ് താരത്തിന് ആശുപത്രി വിടാന്‍ കഴിഞ്ഞത്. ടീമിനൊപ്പം ഗുവാഹട്ടിയില്‍ എത്തിയിട്ടുണ്ടെങ്കിലും വൈദ്യസംഘത്തിന്‍റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഗില്‍. 10 ദിവസത്തെ വിശ്രമം കൂടി താരത്തിന് ആവശ്യമാണെന്നാണ് വിലയിരുത്തല്‍. 

നവംബര്‍ 30ന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ഗില്ലിന് മടങ്ങിയെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെ ട്വന്‍റി20 പരമ്പരയും ഗില്ലിനെ കാത്തിരിപ്പുണ്ട്. വൈസ് ക്യാപ്റ്റനായ പന്താകും ഇന്ത്യയെ നയിക്കുക. ഒന്നാം ടെസ്റ്റില്‍ 30 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റത്. രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാകും ബാവുമയും ടീമും ഇറങ്ങുക. 

ENGLISH SUMMARY:

Indian coach Gautam Gambhir reportedly dismissed the argument that Shubman Gill's hectic schedule and lack of rest led to his neck injury during the Kolkata Test against South Africa. Former player Aakash Chopra revealed Gambhir's strong opinion: "Those who feel workload is an issue should skip the IPL." Gambhir believes players should continue playing while in form, as maintaining fitness for national duties is paramount. The 25-year-old Gill, who was constantly traveling between formats since being named Test captain, is currently under medical observation and is likely to need 10 days of rest, potentially impacting his participation in the upcoming ODI series starting November 30.