ചെന്നൈ സൂപ്പര്‍ കിങ്സ് 18 കോടി രൂപയ്ക്ക് നിലനിര്‍ത്തിയ രവീന്ദ്ര ജഡേജ രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത് 14 കോടിക്ക്. വര്‍ഷത്തില്‍ 4 കോടി രൂപ ശമ്പള ഇനത്തില്‍ കുറവു വരുമെങ്കിലും എന്തിനാണ് രാജസ്ഥാന്‍ റോയല്‍സിലേക്കുള്ള ഡീലിന് രവീന്ദ്ര ജഡേജ സമ്മതം അറിയിച്ചത്. ഐപിഎല്‍ ഡീലുകളില്‍ അസാധാരണമായ കാര്യമാണ് ജഡേജയുടെ കാര്യത്തിലുണ്ടായത്.
ഒരു മാസം മുന്‍പ് ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴേക്കും ടീം മാറാനുള്ള താല്‍പര്യം ജഡേജ അറിയിച്ചിരുന്നു എന്നാണ് ടീം മാനേജ്മെന്‍റുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്. ജഡേജ താല്‍പര്യമറിയിച്ചതിന് ശേഷമാണ് സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ സ്വന്തമാക്കാനുള്ള താല്‍പര്യത്തിന് പിന്നാലെ ചെന്നൈ ഫ്രാഞ്ചൈസി കടക്കുന്നത്. കരാര്‍ പൂര്‍ത്തിയായപ്പോള്‍ സഞ്ജു സാംസണ്‍ 18 കോടിക്ക് ചെന്നൈയിലെത്തി. സ്വാപ്പ് ഡീലിലെ ജഡേജയ്ക്കാണ് തുക കുറഞ്ഞത്. എന്തുകൊണ്ട് ജഡേജ നാലു കോടിയുടെ നഷ്ടം സഹിച്ച് ടീം മാറാന്‍ തയ്യാറായി?
2022 ല്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയപ്പോള്‍ ചെന്നൈയും ജഡേജയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും ഇടപെട്ട് ഇത് പരിഹരിച്ചിരുന്നു. അഭിപ്രായ വ്യത്യാസത്തിന്‍റെ പേരില്‍ ശമ്പളം കുറച്ച് ടീം മാറിയതാനുള്ള സാധ്യതയും കുറവാണ്.
ഐപിഎല്‍ നിയമത്തിലെ സാധ്യത ഉപയോഗിച്ച് ഇരു ഫ്രാഞ്ചൈസികളും തമ്മില്‍ ശമ്പളം കുറയ്ക്കാന്‍ ധാരണയായി എന്നാണ് റിപ്പോര്‍ട്ട്. ഐപിഎൽ പ്ലെയർ റഗുലേഷൻ റൂൾ 59.1 പ്രകാരം നെഗോഷിയേറ്റഡ് ഡിക്രീസ് വഴിയാണ് ജഡേജയുടെ ലീഗ് ഫീസ് കുറച്ചത്. ഈ നിയമപ്രകാരം ഇടപാടിലുള്ള രണ്ട് ഫ്രാഞ്ചൈസികൾക്കും കളിക്കാരന്റെ ലീഗ് ഫീസ് കുറയ്ക്കാൻ ധാരണയിലാകാം. ഇവിടെ കളിക്കാരന്റെ പഴയ ഫീസും പുതിയ ഫീസും തമ്മിലുള്ള വ്യത്യാസമാണ് നെഗോഷിയേറ്റഡ് ഡിക്രീസ്. ലീഗ് ഫീസ് കുറയ്ക്കാൻ കളിക്കാരൻ രേഖാമൂലം സമ്മതം നൽകണം. ഇതുലഭിച്ചാൽ മാത്രമെ ബിസിസിഐ ട്രേഡിന് അംഗീകാരം നൽകുകയുള്ളൂ.
ജഡേജയുടെ കാര്യത്തിൽ നാലു കോടി രൂപയാണ് നെഗോഷിയേറ്റഡ് ഡിക്രീസ്. കയ്യിലുള്ള തുകയിൽ നിന്നും നാലു കോടി രൂപ ലാഭിക്കാനാണ് രാജസ്ഥാൻ ഈ രീതി ഉപയോഗിച്ചത്. ഇതോടെ രേഖയിൽ 14 കോടിക്കാകും കരാർ. എന്നാൽ കുറവ് വരുന്ന തുക വിൽക്കുന്ന ഫ്രാഞ്ചൈി വാങ്ങുന്ന ഫ്രാഞ്ചൈസിക്ക് നൽകണം. ഇവിടെ ചെന്നൈ ഫ്രാഞ്ചൈസി നാലു കോടി രൂപ രാജസ്ഥാൻ റോയൽസിന് ഒറ്റത്തവണയായി നൽകണം. കരാർ പൂർത്തിയായ ശേഷം ഈ തുക കൈമാറും. ജഡേജയുടെ ഡീലില്‍ നാലു കോടി രൂപ ലാഭിച്ച രാജസ്ഥാന്‍ റോയല്‍സിന് സാം കറനൊപ്പം (2.40 കോടി) ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും ഒരു കോടി രൂപയ്ക്ക് ദക്ഷിണാഫ്രിക്കന്‍ താരം ഡൊണോവൻ ഫെരേരയെയും ടീമിലെത്തിച്ചു.