കൊൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോൽവിക്ക് ശേഷം പിച്ചിനെതിരെയുള്ള വിമർശനങ്ങളെ തള്ളി പരിശീലകൻ ഗൗതം ഗംഭീർ. ടീം ആഗ്രഹിച്ച പിച്ചായിരുന്നു ലഭിച്ചതെന്നായിരുന്നു വാർത്താസമ്മേളനത്തിൽ ഗൗതം ഗംഭീറിന്റെ വാദം. 124 റൺസ് പിന്തുടർന്ന ഇന്ത്യ 93 റൺസിന് ഓൾഔട്ടാവുകയായിരുന്നു. നാല് വിക്കറ്റെടുത്ത ഹാർമറാണ് ഇന്ത്യൻ ബാറ്റിങിനെ തകർത്തത്. ആദ്യ ഇന്നിങ്സിലും ഹാർമർ നാല് വിക്കറ്റെടുത്തിരുന്നു.
''ഇതായിരുന്നു ഞങ്ങൾ അന്വേഷിച്ച പിച്ച്. ക്യൂരേറ്റർ പിച്ചൊരുക്കാൻ വളരെയധികം സഹായിച്ചു. ഞങ്ങൾക്ക് ആവശ്യമായിരുന്നത് കിട്ടി. നന്നായി കളിച്ചില്ലെങ്കിൽ ഇതാണ് സംഭവിക്കുക'' എന്നായിരുന്നു മാധ്യമങ്ങളോട് ഗംഭീറിന്റെ മറുപടി. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പ ബാവുമ മാത്രമാണ് ആദ്യ ഏകദിനത്തിൽ അർധ സെഞ്ചറി നേടിയത്. രണ്ടാം ഇന്നിങിസിൽ വാഷിങ്ടൺ സുന്ദർ മാത്രമാണ് ഇന്ത്യൻ നിരയിൽ 50 ലധികം പന്ത് നേരിട്ടത്. 92 പന്തിൽ നിന്നാണ് വാഷിങ്ടൺ സുന്ദർ 31 റൺസെടുത്തത്.
''മികച്ച രീതിയിൽ പ്രതിരോധിച്ച് നിന്നവർക്ക് ഈഡൻ ഗാർഡൻസിലെ പിച്ചിൽ കളിക്കാൻ സാധിച്ചു എന്നും ഗംഭീർ എടുത്തു കാണിച്ചു. ഭയപ്പെടേണ്ടതായൊന്നും പിച്ചിലുണ്ടായിരുന്നില്ല. കളിക്കാൻ സാധിക്കാത്തൊരു വിക്കറ്റായിരുന്നില്ലിത്. ബാവുമ സ്കോർ ചെയ്തു. അക്സറും വാഷിയും സ്കോർ ചെയ്തു. കണക്കുകൾ നോക്കുകയാണെങ്കിൽ കൂടുതൽ വിക്കറ്റും വീഴ്ത്തിയത് പേസർമാരാണ്. ക്ഷമയോടെ ബാറ്റ് ചെയ്താൽ റൺസ് നേടാനാകും. ആക്രമിച്ച കഴിച്ചാൽ അത് ബുദ്ധിമുട്ടാകും. പ്രതിരോധിച്ച് കളിച്ച കെ.എൽ രാഹുൽ, വാഷിങ്ടൺ സുന്ദർ എന്നിവർ സ്കോർ ചെയ്തു. പ്രതിരോധിച്ച് കളിക്കുകയാണെങ്കിൽ റൺസ് നേടാൻ കഴിയാത്ത പിച്ചല്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ഇതുപോലുള്ള പിച്ചിൽ നേരത്തെയും കളിച്ചിട്ടുണ്ട്'' എന്നും ഗംഭീര്‍ പറഞ്ഞു.
കൊൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 30 റൺസിനാണ് വിജയിച്ചത്. 124 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 93 റൺസിന് പുറത്തായി. 15 വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. നാല് വിക്കറ്റെടുത്ത ഹാർമറാണ് ഇന്ത്യൻ ബാറ്റിങിനെ തകർത്തത്. ആദ്യ ഇന്നിങ്സിലും ഹാർമർ നാല് വിക്കറ്റെടുത്തിരുന്നു. ഇന്ത്യയ്ക്കായി വാഷിങ്ടൺ സുന്ദർ 31 റൺസെടുത്തു. അക്ഷർ പട്ടേൽ 26 റൺസെടുത്തു.