ദക്ഷണാഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ടെംബ ബാവുമയെ ബോഡി ഷെയിം ചെയ്​ത ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്​പ്രീത് ബുമ്രയുടെ പരാമര്‍ശം വിവാദത്തില്‍. ബാവുമയുടെ ഉയരത്തെ പരിഹസച്ചുള്ള ബുമ്രയുടെ പരാമര്‍ശം സ്റ്റമ്പ് മൈക്രോഫോണിലൂടെയാണ് പുറത്തായത്. 

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ബാവുമയ്‌ക്കെതിരായ എൽബിഡബ്ല്യു അപ്പീൽ അമ്പയർ തള്ളിയിരുന്നു. 13–ാം ഓവറിന്റെ അവസാന പന്തിൽ ടെംബ ബാവുമക്കെതിരെ എൽബിഡബ്ല്യുവിന് അപ്പീൽ ചെയ്തിരുന്നു. എന്നാല്‍ ഫീൽഡ് അംപയർ ഔട്ട് നൽകിയില്ല. തുടർന്നു റിവ്യു ചെയ്യണമോ എന്നു തീരുമാനിക്കാൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തുടങ്ങിയവരുമായി ചർച്ച നടത്തുന്നതിനിടെയാണ് വിവാദമായ പരാമര്‍ശം ഉണ്ടായത്. ബോൾ ലെഗ് സ്റ്റംപിനു മുകളിലൂടെ പോകാനാണ് സാധ്യതയെന്ന് പന്ത് പറഞ്ഞപ്പോൾ, പക്ഷേ ‘അവൻ കുള്ളൻ അല്ലേ’ എന്നായിരുന്നു ബുമ്രയുടെ മറുപടി. ഇതോടെ ഡിആർഎസ് നൽകേണ്ട എന്ന തീരുമാനത്തിലെത്തി. 

സംഭാഷണത്തിന്‍റെ വിഡിയോ ക്ലിപ് പുറത്തുവന്നതോടെ ബുമ്രക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ബുമ്രയുടേത് ലജ്ജാകരമായ പ്രവര്‍ത്തിയാണെന്നും മര്യാദ കാണിക്കണമെന്നും വിമര്‍ശനങ്ങളുയര്‍ന്നു. അതേസമയം ബുമ്രക്കെതിരെ പരാതി നല്‍കാനില്ലെന്നാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കോച്ച് ആഷ്‌വെൽ പ്രിൻസ് പറഞ്ഞു. ടീം പരാതി നൽകുന്നില്ലെന്നും സംഭവത്തെക്കുറിച്ച് ചിന്തിക്കാതെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്‍പും ഉയരക്കുറവിന്‍റേയും നിറത്തിന്‍റേയും പേരില്‍ ഏറെ പരിഹസിക്കപ്പെട്ട താരമാണ് ബാവുമ. 

ENGLISH SUMMARY:

Jasprit Bumrah controversy arises from alleged body shaming remarks made against Temba Bavuma during a cricket match. The incident involved comments about Bavuma's height, sparking criticism and debate.