TOPICS COVERED

ഇസ്‍ലാമാബാദിലെ സ്ഫോടനത്തിന് പിന്നാലെ പാക്കിസ്ഥാന്‍ പര്യടനം പാതിവഴിയില്‍ ഉപേക്ഷിക്കാനൊരുങ്ങി ശ്രീലങ്കന്‍ താരങ്ങള്‍. തിങ്കളാഴ്ച ആദ്യ ഏകദിനം നടന്ന റാവല്‍പിണ്ടിയിലെ മൈതാനത്ത് നിന്നും 17 കിലോ മീറ്റര്‍ അകലെയായിരുന്നു സ്ഫോടനം. ആക്രമണത്തിന് ശേഷവും മത്സരം നടക്കുകയും പാക്കിസ്ഥാന്‍ ആറു റണ്‍സിന് വിജയിക്കുകയും ചെയ്തിരുന്നു. 

സുരക്ഷാ പ്രശ്നം ഉന്നയിച്ച് എട്ടു ശ്രീലങ്കന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. ഇതോടെ നാളെ പാക്കിസ്ഥാനെതിരെ നടക്കേണ്ട രണ്ടാം ഏകദിനം പ്രതിസന്ധിയിലായി. ത്രിരാഷ്ട്ര പരമ്പര തുടരാന്‍ പകരക്കാരെ അയക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പര ആരംഭിച്ചത്. പരമ്പരയ്ക്ക് ശേഷം നടക്കേണ്ട സിംബാബ്‍വെ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയും ഇതോടെ സംശയത്തിലായി. 

ആദ്യ ഏകദിനത്തിന് ശേഷം പാക്ക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ മുഹ്സിന്‍ നഖ്‍വി ശ്രീലങ്കന്‍ താരങ്ങളെ നേരിട്ട് കണ്ടിരുന്നു. പാക്കിസ്ഥാനിലുള്ള ശ്രീലങ്കന്‍ ടീം മാനേജ്മെന്‍റുമായി സംസാരിച്ച നഖ്‍വി ടീമിന് പൂര്‍ണ സുരക്ഷ നല്‍കുമെന്ന് അറിയിച്ചു. ബാക്കിയുള്ള രണ്ട് ഏകദിനങ്ങളും റാവല്‍പിണ്ടിയിലാണ് നടക്കേണ്ടത്. സ്റ്റേഡിയത്തിന് സമീപം നടന്ന സ്ഫോടനത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.

2009 മാർച്ചിൽ ​ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപം ശ്രീലങ്കൻ താരങ്ങളുടെ ബസിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നാലെ പതിറ്റാണ്ടുകളോളം പാക്കിസ്ഥാനിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടന്നിരുന്നില്ല. പാക്കിസ്ഥാനിലെ ഔദ്യോ​ഗിക ട്വന്റി 20 ലീ​ഗായ പാക്കിസ്ഥാൻ സൂപ്പർ ലീ​ഗ് 2016 ൽ ആരംഭിക്കുമ്പോൾ യുഎഇയായിരുന്നു വേദി. 2009 ലെ സംഭവത്തിന് ശേഷം പാക്കിസ്ഥാന്റെ രാജ്യാന്തര മത്സരങ്ങൾക്ക് യുഎഇയായിരുന്നു വേദിയായിരുന്നത്. മൂന്നു വർഷം മുൻപ് ഭീകരാക്രമണം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് റാവൽപിണ്ടിയിൽ പരമ്പര കളിക്കാനെത്തിയ ന്യൂസിലാൻഡ് ടീം ഒരു മത്സരം പോലും കളിക്കാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു. 

ENGLISH SUMMARY:

Sri Lanka Cricket Tour is facing disruption after an explosion in Islamabad. The Sri Lankan team is considering abandoning their tour of Pakistan following the incident, raising security concerns.