ഐപിഎല്ലില്‍ ടീം മാറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടെ രാജസ്ഥാന്‍ റോയല്‍സിലേക്ക് ഇല്ലെന്ന് രവീന്ദ്ര ജഡേജ അറിയിച്ചതായി റിപ്പോര്‍ട്ട്. മറ്റൊരു ഫ്രാഞ്ചൈസിയിലേക്കും മാറാന്‍ പദ്ധതിയില്ലെന്ന് ജഡേജ വ്യക്തമാക്കിയതായി റെവ്സ്പോർട്സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സ്വാപ്പ് ഡീലിനെ പറ്റിയുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ രവീന്ദ്ര ജഡേജയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കാണാനില്ല.

Also Read: ഡല്‍ഹിയിലേക്കുള്ള കൂടുമാറ്റം പൊളിഞ്ഞു; സഞ്ജുവിനെ ചെന്നൈയിലേക്ക് എത്തിച്ചത് രാജസ്ഥാന്‍റെ വാശി

royalnavghan എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. അക്കൗണ്ട് ഡിആക്ടീവ് ചെയ്തതിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല. സഞ്ജുവിന് പകരം ചെന്നൈ സൂപ്പർ കിങ്സ് രവീന്ദ്ര ജഡേജയും സാം കറനെയും രാജസ്ഥാൻ റോയൽസിന് കൈമാറുന്ന സ്വാപ്പ് ഡീലായിരിക്കും നടക്കുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. മൂന്നു താരങ്ങളുമായും ഇരു ഫ്രാഞ്ചൈസികളും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.

2008 ലെ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായിരുന്നു ജഡേജ. രണ്ട് സീസണ് ശേഷം ഫ്രാഞ്ചൈസിയെ അറിയിക്കാതെ മുംബൈ ഇന്ത്യന്‍സിലേക്ക് മാറാന്‍ ശ്രമിച്ചതിന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ഒരു വര്‍ഷത്തേക്ക് ജഡേജയെ വിലക്കിയിരുന്നു. രാജസ്ഥാന്‍ നല്‍കിയ നിവേദനവും പരിഗണിച്ചായിരുന്നു നടപടി. 2010 ല്‍ വിലക്ക് നേരിട്ട ശേഷം 2011 ല്‍ കൊച്ചി ടസ്കേഴ്സിലൂടെയാണ് ജഡേജ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്സുമായി ജഡേജ കരാറിലെത്തുന്നത്. 

ജഡേജ സ്വാപ്പ് ഡീലിന്‍റെ ഭാഗമാകുന്നില്ലെങ്കില്‍ സഞ്ജുവിനെ ടീമിലെടുക്കാന്‍ പണം നല്‍കി ഇടപാടിലേക്ക് ചെന്നൈ നീങ്ങേണ്ടി വരും. സഞ്ജു രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പിന്മാറാന്‍ താല്‍പര്യം അറിയിച്ചതിന് പിന്നാലെ റോയല്‍സ് രവീന്ദ്ര ജഡേജയ്ക്ക് പകരം സഞ്ജുവിനെ നല്‍കാമെന്നൊരു ഡീല്‍ ചെന്നൈ ഫ്രാഞ്ചൈസിക്ക് മുന്നില്‍ വച്ചിരുന്നു. ജഡേജയെ കൈമാറിയുള്ള ഡീലിന് ചെന്നൈ തുടക്കത്തില്‍ താല്‍പര്യം കാണിക്കാതിരുന്നതോടെ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹിയുമായി ചര്‍ച്ചകളിലേക്ക് കടന്നു. 

സഞ്ജുവും ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റൻ സ്റ്റബ്‌സും ഉൾപ്പെടുന്ന ഒരു സ്വാപ്പ് ഡീലിന് രണ്ട് ഫ്രാഞ്ചൈസികളും ഏതാണ്ട് അന്തിമരൂപം നൽകിയതായെങ്കിലും അധികമായി ഒരു കളിക്കാരനെ കൂടി വേണമെന്ന രാജസ്ഥാന്റെ ആവശ്യമാണ് കരാറിലേക്ക് എത്താതിരിക്കാന്‍ കാരണം. സ്റ്റബ്സിനൊപ്പം സമീര്‍ റിസ്‍വിയെ കൂടിയാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യുവതാരത്തെ നല്‍കിയുള്ള ഡീലിന് ഡല്‍ഹി തയ്യാറായില്ല. ഇതോടെയാണ് വീണ്ടും ചെന്നൈ–രാജസ്ഥാന്‍ ചര്‍ച്ചകളിലേക്ക് കടന്നത്. 

ENGLISH SUMMARY:

Ravindra Jadeja declines Rajasthan Royals move amidst IPL transfer rumors. The all-rounder has reportedly clarified his intent to stay with his current franchise.