TOPICS COVERED

വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനൊപ്പം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന വിരുന്നിലെ ശ്രദ്ധാകേന്ദ്രമായി മാറിയത് യുവതാരം പ്രതിക റാവൽ. ലോകകപ്പ് പോരാട്ടത്തിനിടെ പരുക്കേറ്റ് ടീമിൽ നിന്ന് പുറത്തായെങ്കിലും, ബിസിസിഐ പ്രതികയെയും പ്രധാനമന്ത്രിയുടെ പ്രത്യേക വിരുന്നിലേക്ക് ക്ഷണിച്ചു. കാലിൽ ബാൻഡേജ് ചുറ്റി വീൽചെയറിലെത്തിയ താരത്തിന് നരേന്ദ്രമോദിയുടെ വസതിയിൽ ലഭിച്ചത് മറക്കാനാവാത്ത സ്നേഹപരിചരണമായിരുന്നു.

പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ പ്രതികയ്ക്ക് പ്രത്യേക പരിഗണനയാണ് ലഭിച്ചത്. ഇന്ത്യൻ താരങ്ങൾ ഭക്ഷണം കഴിക്കുന്നതിനിടെ, പ്രതികയ്ക്ക് പ്രിയപ്പെട്ട വിഭവങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എടുത്തു നൽകി. "എന്തു കഴിക്കാനാണ് താൽപര്യം?" എന്ന് ചോദിച്ച ശേഷമാണ് അദ്ദേഹം ഭക്ഷണം വിളമ്പിയത്. ഭക്ഷണം ഇഷ്ടമായോ എന്നും മോദി പ്രതികയോട് ചോദിക്കുന്നുണ്ട്. ഈ വാത്സല്യത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന് മുൻപാണ് കാലിൽ പരുക്കേറ്റതിനെ തുടർന്ന് പ്രതികയ്ക്ക് പകരം ഷെഫാലി വർമയെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയത്. ടീമിൽ നിന്ന് പുറത്തായതിനാൽ വിജയികൾക്കുള്ള മെഡൽ പ്രതികയ്ക്ക് ലഭിച്ചിരുന്നില്ല. എന്നാൽ, ടീം സ്പിരിറ്റിന്റെ ഭാഗമായി, ഇന്ത്യൻ ഓൾറൗണ്ടർ അമൻജ്യോത് കൗർ നൽകിയ മെഡൽ ധരിച്ചാണ് പ്രതിക ഇന്ത്യൻ സംഘത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. 

ENGLISH SUMMARY:

Pratika Rawal, despite being injured during the World Cup, became the center of attention at the Prime Minister's reception for the Indian women's cricket team. The Prime Minister personally served her favorite dishes, showcasing his care and support for the young cricketer.