വന്ദേമാതരത്തിന്‍റെ നൂറ്റിഅന്‍പതാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസിനെ ഉന്നമിട്ട് പ്രധാനമന്ത്രി. 1937 ല്‍ വന്ദേമാതരത്തെ വെട്ടിമുറിച്ചെന്നും ദേശീയഗീതത്തിന്‍റെ ആത്മാവാണ് നഷ്ടപ്പെട്ടതെന്നും മോദി പറഞ്ഞു. വാര്‍ഷികത്തിന്‍റെ ഭാഗമായി പ്രത്യേക നാണയവും തപാല്‍ സ്റ്റാംപും പുറത്തിറക്കി.

രാജ്യത്തെ വിവിധ കലാകാരന്‍മാര്‍ ചേര്‍ന്ന് വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചാണ് നൂറ്റി അന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങിയത്. 1937 ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ വന്ദേമാതരത്തിന്‍റെ അവസാന ഭാഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത് സൂചിപ്പിച്ചായിരുന്നു കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രിയുടെ വിമര്‍ശനം. വന്ദേമാതരത്തെ ഇല്ലാതാക്കാന്‍ വിഭജനത്തിന്‍റെ ശക്തികള്‍ ശ്രമിച്ചു. 1937 ല്‍ മുറിച്ചുമാറ്റിയത് ദേശീയ ഗാനത്തിന്‍റെ ആത്മാവാണെന്നും പുതിയ തലമുറ ഇത് അറിഞ്ഞിരിക്കണം എന്നും നരേന്ദ്ര മോദി പറഞ്ഞു.

ബിഹാറിലെ പറ്റ്നയില്‍ ബിജെപി ഓഫിസില്‍ നടന്ന വന്ദേമാതരം വാര്‍ഷികാഘോഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമാന ആരോപണം ഉയര്‍ത്തി. വിവിധ സംസ്ഥാനങ്ങളില്‍ പ്രത്യേക ചടങ്ങുകളും സംഘടിപ്പിച്ചു. 125 രൂപയുടെ നാണയമാണ് വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പുറത്തിറക്കിയത്.

ENGLISH SUMMARY:

Vande Mataram is at the center of a political debate ignited by Prime Minister Modi on its 150th anniversary. He criticized Congress for allegedly truncating the national song in 1937, claiming it diminished the anthem's spirit.