jemimah-rodigus

ഏകദിന ലോകകപ്പ് കിരീടം നേടിയതോടെ വനിതാ താരങ്ങളുടെ ബ്രാന്‍ഡ് വാല്യുവില്‍ വലിയ വളര്‍ച്ച. ജമിമ റോഡ്രിഗസ്, സ്മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, ഷെഫാലി വര്‍മ തുടങ്ങിയവരുടെ പരസ്യകരാര്‍ തുകയില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് വര്‍ധനവുണ്ടായത്. മത്സര വിജയത്തോടെ താരങ്ങളുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സില്‍ 24 മണിക്കൂറിനിടെ ഇരട്ടിയിലിധികം വര്‍ധനവുണ്ടായി. 

സെമിഫൈനലില്‍ സെ‍ഞ്ചറിയോടെ മികച്ച ഇന്നിങ്സ് കാഴ്ച വച്ച ജമിമ റോഡ്രിഗസിന്‍റെ ബ്രാന്‍ഡ് വാല്യു 100  ശതമാനമാണ് വര്‍ധിച്ചതെന്ന് ജമിമയുടെ ബ്രാന്‍ഡിങ് കൈകാര്യം ചെയ്യുന്ന ജെഎസ്‍ഡ്ബ്ലു സ്പോര്‍ട്സിലെ കരണ്‍ യാദ് പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ മത്സരം പൂർത്തിയായ ഉടൻ തന്നെ ബ്രാന്‍ഡിങ് ആവശ്യക്കാരുടെ പ്രളയമായിരുന്നു. 10-12 വിഭാഗങ്ങളിലുള്ള ബ്രാൻഡുകളുമായി ചർച്ചയിലാണെന്നും കരണ്‍ യാദവ് പറഞ്ഞു. 

25 കാരിയായ ജമിമയുടെ കരാര്‍ തുക ഇന്ന് ഇന്ത്യയിലെ മുൻനിര വനിതാ അത്‌ലറ്റുകൾക്ക് തുല്യമാണ്. പങ്കാളിത്തത്തിന്‍റെ കാലയളവ് അനുസരിച്ച് 75 ലക്ഷം രൂപ മുതല്‍ 1.50 കോടി രൂപ വരെയാണ് ജമിമ ഈടാക്കുന്നത്. നിലവില്‍ റെഡ് ബുള്‍, ബോട്ട്, നൈക്ക്, എസ്‍ജി, സര്‍ഫ് എക്സല്‍ എന്നിവയുമായാണ് ജമിമയുടെ കരാര്‍. 

16 ബ്രാന്‍ഡുകളുമായി കരാറുള്ള സ്മൃതി മന്ഥാനയാണ് ഏറ്റവും കൂടുതല്‍ തുക വാങ്ങുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം. നൈക്ക്, ഹ്യൂണ്ടായി. എസ്ബിഐ, ഗള്‍ഫ് ഓയില്‍, പിഎന്‍ബി മെറ്റ്‍ലൈഫ് ഇന്‍ഷൂറന്‍സ്, എച്ച്‌യു‌എല്ലിന്റെ റെക്‌സോണ ഡിയോഡറന്റ് എന്നിവയ്ക്കായി 1.50 കോടി മുതല്‍ രണ്ടു കോടി രൂപ വരെയാണ് സ്മൃതി വാങ്ങുന്നത്. 

ഇതിനോടകം താരങ്ങളുമായി സഹകരിക്കുന്ന ഗൂഗിള്‍ ജെമിനി, റെക്സോന, നൈക്ക്, എസ്ബിഐ, റെഡ് ബുള്‍, പ്യൂമ എന്നിങ്ങനെ മുന്‍നിര കമ്പനികള്‍ ഇന്ത്യന്‍ വനിതാ താരങ്ങളുമായി കരാര്‍ നീട്ടാനുള്ള താല്‍പര്യത്തിലാണെന്നാണ് വിവരം. വുമണ്‍ ഹെല്‍ത്ത്, ലൈഫ്‌സ്‌റ്റൈൽ, ഗാഡ്‌ജെറ്റുകൾ, വെൽനസ്, ഓട്ടോമൊബൈൽസ് എന്നി വിഭാഗങ്ങളില്‍ നിന്നുള്ള കമ്പനികളാണ് പുതിയ കരാറുകൾ ഒപ്പിടുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

ENGLISH SUMMARY:

Women's cricket team brand value has increased due to the recent world cup win. This surge will lead to a significant rise in endorsement deals and brand associations for the players.