ഇന്ത്യന്‍ വനിതാ ടീമിന്‍റെ വിജയാഘോഷത്തിന്‍റെ മധുരം കൂട്ടിയത് ഓപ്പണര്‍ പ്രതീക റാവലിന്‍റെ സാന്നിധ്യമാണ്. വീല്‍ചെയറില്‍ എത്തിയാണ് പ്രതീക റാവൽ ടീമിന്‍റെ വിജയം ആഘോഷിച്ചത്. സ്മൃതി മന്ഥാനയ്ക്കൊപ്പം ഇന്ത്യയുടെ സ്ഥിരം ഓപ്പണറായിരുന്നു പ്രതീക. ടൂര്‍ണമെന്‍റിലുടനീളം മികച്ച തുടക്കം നല്‍കാന്‍ പ്രതീകയ്ക്ക് സാധിച്ചു.
ആറു ഇന്നിങ്സില്‍ നിന്നായി 51.33 ശരാശരിയില്‍ 308 റണ്‍സാണ് പ്രതീക നേടിയത്. ഒരു സെഞ്ചറിയും അര്‍ധ സെഞ്ചറിയും അടക്കമായിരുന്നു ഇത്. ബംഗ്ലാദേശിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കണങ്കാലിനാണ് പ്രതീകയ്ക്ക് പരുക്കേറ്റത്.
ഫൈനലിലേക്കുള്ള യാത്രയില്‍ നിര്‍ണായകമായിരുന്ന പ്രതീക കിരീട നേട്ട ശേഷം വീല്‍ചെയറിലെത്തിയാണ് ടീമിനൊപ്പം ചേര്‍ന്നത്. 'ഈയൊരു വികാരം എനിക്ക് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നില്ല. എന്റെ തോളിലുള്ള ഈ പതാക എനിക്ക് എല്ലാമാണ്, ടീമിനൊപ്പം ഇവിടെ നിൽക്കുന്നത് ഒരു അതിശയകരമായ അനുഭവമാണ്. പരിക്കുകൾ കളിയുടെ ഭാഗമാണ്, പക്ഷേ വിജയിച്ച ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്', എന്നായിരുന്നു പ്രതീകയുടെ വാക്കുകള്‍.
പ്രതീകയ്ക്ക് പകരം ടീമിലെത്തിയ ഷെഫാലി വര്‍മ ഫൈനലില്‍ മികച്ച ഇന്നിങ്സ് കാഴ്ച വച്ചു. ഇന്ത്യയുടെ 298 ടോട്ടടില്‍ 87 റണ്‍സും ഷെഫാലിയുടെ ബാറ്റില്‍ നിന്നായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 104 റണ്‍സാണ് സ്മൃതി മന്ഥന–ഷെഫാലി സഖ്യം നേടിയത്. 78 പന്തിലാണ് ഷെഫാലി 87റണ്‍സെടുത്തത്.