ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ രസംകൊല്ലിയായി മഴയുടെ കളി. മഴമൂലം മത്സരത്തിന് ഇതുവരെ ടോസിടാനായിട്ടില്ല. 2.30നായിരുന്നു ടോസ് ഇടേണ്ടിയിരുന്നത്. എന്നാല്‍ ഇടക്കിടെ പെയ്യുന്ന മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞതിനാല്‍ ടോസ് വൈകുകയാണ്. മഴ മൂലം മത്സരം നടന്നില്ലെങ്കില്‍ നാളെ റിസര്‍വ് ദിനമുണ്ട്. സാധാരണ ദിവസങ്ങളിലേതുപോലെ ഓവറുകള്‍ ചുരുക്കി മഴനിയമപ്രകാരം മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലേ റിസര്‍വ് ദിനം ഉപയോഗിക്കൂ.
വികാരനിർഭരമായ സെമിഫൈനലില്‍ കരുത്തരായ ഓസീസിനെ തോല്‍പിച്ചതോടെ ഫേവറിറ്റ് പട്ടം ലഭിച്ചെങ്കിലും, സമ്മർദ്ദം മറികടന്നുവേണം ഇന്ത്യയ്ക്ക് കളത്തിലിറങ്ങാൻ. ഓപ്പണര്‍ സ്മൃതി മന്ഥനയും മൂന്നാം നമ്പറിൽ ടീമിന്റെ വിശ്വസ്ത ജമീമ റോഡ്രിഗ്സും ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നു. 17 വിക്കറ്റുകളുമായി മുന്നിലുള്ള ദീപ്തി ശർമയുടെ പ്രകടനം നിർണായകമാകും.
ഏകദിന ലോകകപ്പ് ഉയർത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രത്തിൽ ഇടംനേടാൻ ഹർമൻപ്രീത് കൗറിന് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇന്നത്തെ പോരാട്ടം. ഗുവാഹത്തിയിൽ ഇംഗ്ലണ്ടിനെതിരെ 69 റൺസിന് പുറത്തായ ശേഷം അതേ വേദിയിൽ അതേ എതിരാളികളെ തകർത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ പ്രവേശനം.