വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് നേടി. ഓപ്പണര്‍ ഷെഫാലി വര്‍മയുടെയും (78 പന്തില്‍ 87) ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെയും അര്‍ധസെഞ്ചറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഓപ്പണിങ് വിക്കറ്റില്‍ 104 റണ്‍സ് നേടിയ സ്മൃതി മന്ഥന–ഷെഫാലി സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്. എന്നാല്‍ പിന്നീടെത്തിയ ജമീമ റോഡ്രിഗസിനും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രതീനും ആ തുടക്കം മുതലാക്കാനായില്ല. ഷെഫാലി പുറത്തായതോടെ സ്കോറിങ്ങിന് വേഗം കുറഞ്ഞു. എന്നാല്‍ അവസാന ഓവറുകളില്‍ കൂറ്റനടികളുമായി റിച്ച ഘോഷും ദീപ്തി ശര്‍മയും ഇന്ത്യയ്ക്ക് രക്ഷയായി. ദീപ്തി 58 റണ്‍സ് നേടി അവസാന പന്തില്‍ പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖാക്ക 3 വിക്കറ്റ് വീഴ്ത്തി.
കന്നിക്കീരീടത്തിലേക്കുള്ള അടിത്തറ ബാറ്റര്‍മാര്‍ പാകി കഴിഞ്ഞു. ഇനി ബോളര്‍മാര്‍ കൂടി ഒത്തുപിടിച്ചാല്‍ കീരീടെ ഇന്ത്യയുടെ ഷെല്‍ഫിലിരിക്കും. 17 വിക്കറ്റുകളുമായി മുന്നിലുള്ള ദീപ്തി ശർമയുടെ പ്രകടനം ഇന്ത്യന്‍ ബോളിങ്ങില്‍ നിർണായകമാകും. ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴമൂലം 2 മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയതെങ്കിലും ഓവറുകള്‍ വെട്ടിച്ചുരുക്കിയിട്ടില്ല. ഏകദിന ലോകകപ്പ് ഉയർത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രത്തിൽ ഇടംനേടാൻ ഹർമൻപ്രീത് കൗറിന് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇന്നത്തെ പോരാട്ടം. ഗുവാഹത്തിയിൽ ഇംഗ്ലണ്ടിനെതിരെ 69 റൺസിന് പുറത്തായ ശേഷം അതേ വേദിയിൽ അതേ എതിരാളികളെ തകർത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ പ്രവേശനം.