സമകാലിക ക്രിക്കറ്റ് ലോകത്തിലെ ക്ലാസിക് ബാറ്റർമാരിൽ ഒരാളായ കെയ്ൻ വില്യംസൺ രാജ്യാന്തര ട്വന്‍റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓർമകൾക്കും അനുഭവങ്ങൾക്കും നന്ദി പറഞ്ഞതാരം യുവതാരങ്ങൾക്ക് വേണ്ടിയാണ് ഈ മാറ്റം എന്ന് കുറിച്ചു.
ട്വന്‍റി 20 ക്രിക്കറ്റ് ബിഗ് ഹിറ്റർമാരുടേത് എന്ന് വിലയിരുത്തപ്പെടുമ്പോഴാണ് തന്‍റെ ക്ലാസിക് ശൈലിയെ പരിമിത ഓവർ ക്രിക്കറ്റിലേക്ക് പരുവപ്പെടുത്തി വില്യംസൺ എത്തിയത്. ന്യൂസീലൻഡിനു വേണ്ടി രാജ്യാന്തര ട്വന്‍റി 20യിൽ കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റർ ആണ് വില്യംസൺ. ഇത് മാത്രം മതി അദ്ദേഹത്തിന്‍റെ ക്ലാസ് വ്യക്തമാകാൻ.
93 ട്വന്‍റി 20യിൽ നിന്ന് 2575 റൺസ് നേടി. 18 അർധ സെഞ്ചുറി ഉണ്ട്. 95 റൺസാണ് ഉയർന്ന സ്കോർ. കളിച്ച 93 മത്സരങ്ങളില്‍ 75 ലും വില്യംസൺ ആയിരുന്നു നായകൻ. രണ്ടുവട്ടം ടീമിനെ ട്വന്‍റി 20 സെമിയിലേക്കും 202l ൽ ഫൈനലിലേക്കും നയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വ്യത്യസ്തമായി ട്വന്‍റി 20യിൽ കൂടുതൽ സ്കോറിങ് സോൺ കണ്ടെത്തിയാണ് വില്യംസൺ തന്‍റെ വിജയം ട്വന്‍റി 20യിൽ ഉറപ്പിച്ചത്.
പേസിനും സ്പിന്നിനും എതിരെ ഒരു പോലെ ബാറ്റ് വീശി മൂന്നേറിയത് കൊണ്ടാണ് വില്യംസൺ ന്യൂസീലൻഡ് ക്രിക്കറ്റിലെ നെടുംതൂൺ ആയി മാറിയത്. ടെസ്റ്റ് ക്രിക്കറ്റിലെ സമീപകാലത്തെ ഫാബ് ഫോറിലെ ഒരു താരമാണ് വില്യംസൺ. വിരാട് കോലിയും സ്റ്റീവ് സ്മിത്തും ജോ റൂട്ടും ആണ് മറ്റ് മൂന്നു പേർ. ട്വന്‍റി 20യിൽ നിന്ന് വിരമിച്ചെങ്കിലും ടെസ്റ്റിൽ വീണ്ടും ആ യേശുവിന്‍റെ മുഖഛായയിൽ നിൽക്കുന്ന വില്യംസണെ കാണാം.
രൂപത്തിൽ മാത്രമല്ല പ്രവൃത്തിയിലും യേശുവിന്‍റെ ശൈലിയായിരുന്നു വില്യംസണ്. മൽസരത്തിൽ നിന്ന് കിട്ടുന്ന പ്രതിഫലം കൊണ്ട് പാവങ്ങളെ സഹായിക്കാൻ വില്യംസൺ ശ്രമിക്കുന്നുണ്ട്. ബംഗ്ലദേശിലെ പാവങ്ങളെ സഹായിച്ച വില്യംസൺ ഒരിക്കൽ ഐപിഎൽ മൽസര കാലത്ത് സൺറൈസേഴ്സിലെ സഹതാരം റാഷിദ് ഖാനൊപ്പം റംസാൻ വ്രതവും നോക്കിയിട്ടുണ്ട്.
1990 ഓഗസ്റ്റ് എട്ടിന് ഒരു കായിക കുടുംബത്തിലാണ് ജനിച്ചത്. പിതാവ് പ്രാദേശിക ക്രിക്കറ്റ് താരം ആയിരുന്നു. അമ്മ ബാസ്ക്കറ്റ് ബോൾ താരവും. മൂന്ന് സഹോദരിമാർ വോളിബോൾ താരങ്ങളുമാണ്. 14 വയസ് മുതൽ ക്രിക്കറ്റ് കളിയിൽ സജീവമായി. അണ്ടര്‍ 19 ക്രിക്കറ്റിലൂടെയാണ് രാജ്യാന്തര തലത്തിലേക്ക് എത്തുന്നത്.