മൂന്നാം ട്വന്റി20യിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 187 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. അര്‍ധസെഞ്ചറി നേടിയ ടിം ഡേവിഡിന്‍റെയും (38 പന്തില്‍ 76) മാര്‍ക്കസ് സ്റ്റോയിന്‍സിന്‍റെയും ഇന്നിങ്സുകളാണ് ഓസീസിന് കരുത്തായത്. സ്റ്റോയിന്‍സ് 64 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി അർഷ്‌ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരുഘട്ടത്തില്‍ 73 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ നിന്ന ശേഷമാണ് ഓസീസിന്‍റെ തിരിച്ചുവരവ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 1–0ന് മുന്നിലാണ്. ആദ്യ മല്‍സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മൂന്നു മാറ്റമുണ്ട്. സഞ്ജു സാംസൺ, ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവർ പുറത്തായപ്പോൾ ജിതേഷ് ശർമ, അർഷ്‌ദീപ് സിങ്, വാഷിങ്ടൻ സുന്ദർ എന്നിവർ ടീമിലേക്ക് എത്തി. ഓസീസ് ടീമിലും ഒരു മാറ്റമുണ്ട്. ജോഷ് ഹെയ്‌സൽവുഡിനു പകരം ഷോൺ അബോട്ട് പ്ലേയിങ് ഇലവനിലെത്തി. ഇന്ത്യന്‍ ടീം: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, അക്സർ പട്ടേൽ, ശിവം ദുബെ, ജിതേഷ് ശർമ്മ, വാഷിങ്ൺ സുന്ദർ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ. ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, മാറ്റ് ഷോർട്ട്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, ഷോൺ ആബട്ട്, മാറ്റ് കുഹ്നെമാൻ.