File Photo: AFP

File Photo: AFP

ഇംഗ്ലണ്ടിന് കന്നി ട്വന്‍റി20 ലോകകപ്പ് നേടിക്കൊടുത്ത ക്രിക്കറ്റ് താരവും അസിസ്റ്റന്‍റ് കോച്ചുമായിരുന്ന പോള്‍ കോളിങ്​വുഡ് 'ഒളിവില്‍'. വഴിവിട്ട സ്വകാര്യ ജീവിതം നാട്ടിലെങ്ങും പാട്ടായതിന് പിന്നാലെ കോടികളുടെ നികുതി വെട്ടിപ്പ് കൂടി പുറത്തായതോടെയാണ് കോളിങ്​വുഡ് 'മുങ്ങി'യത്. കഴിഞ്ഞ ഡിസംബറില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് കോളിങ്​വുഡ് അവസാനമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ആഷസിന് കോളിങ്​വുഡ് എന്തായാലും ഉണ്ടാവില്ലെന്ന് ഡെയ്​ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ചര്‍ച്ചകളും സജീവമായി. ഇതിന് പിന്നാലെയാണ് പരസ്യമായ ചില രഹസ്യങ്ങളാകാം കോളിങ്​വുഡിന്‍റെ നിര്‍ബന്ധിത തിരോധാനത്തിന് പിന്നിലെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അവധിയെടുക്കുന്നുവെന്ന് മാത്രമാണ് കോളിങ്​വുഡ് അറിയിച്ചിട്ടുള്ളതും.

 2023 ഏപ്രിലിലാണ് കോളിങ്​വുഡിന്‍റെ ലീക്ക്ഡ് ഓഡിയോയുടെ കാര്യം മുന്‍ താരവും ടീം മേറ്റുമായിരുന്ന ഗ്രേയം സ്വാന്‍ തുറന്ന് പറഞ്ഞത്. സാമാന്യം അശ്ലീലം കലര്‍ന്ന ഓഡിയോ ക്ലിപ് ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ അതിനകം സജീവ ചര്‍ച്ചയായിരുന്നു. ഒന്നിലേറെ സ്ത്രീകളുമായി രണ്ട് മണിക്കൂറോളം ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്‍റെ വിവരണമായിരുന്നു ഓഡിയോയിലുണ്ടായിരുന്നത്. എന്നാണ് സംഭവം നടന്നതെന്നും എവിടെ വച്ചാണെന്നും താരം വെളിപ്പെടുത്തിയില്ലെങ്കിലും  'കോളിങ്​വുഡിന് മാത്രം' പറ്റുന്ന കാര്യമാണിതെന്നും 'വല്യ സഞ്ചാരി'യാണെന്നും ഗ്രേയം പോഡ്കാസ്റ്റിനിടെ കളിയാക്കുകയും ചെയ്തു. ഇതാണ് വിവാദത്തിന് വഴി തെളിച്ചത്.

ഇംഗ്ലണ്ടിന്‍റെ ഓള്‍റൗണ്ടറായിരുന്ന കോളിങ്​ലുഡ് വിവാദത്തില്‍പ്പെടുന്നത് ഇതാദ്യമായല്ല. 2007ല്‍ ട്വന്‍റി20 ലോലകപ്പ് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നതിനിടെ കോളിങ് വുഡിനെ കേപ് ടൗണ്‍ സ്ട്രിപ് ക്ലബില്‍ കണ്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ക്ലബില്‍ നിന്നും താരം നേരത്തെ പോന്നുവെന്ന് വാദിച്ചുവെങ്കിലും 1000 പൗണ്ടാണ് അന്ന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് പിഴ ഈടാക്കിയത്. 2022ല്‍ ഇംഗ്ലണ്ടിന്‍റെ ഇടക്കാല കോച്ച് ആയതിന് ശേഷവും കോളിങ്​വുഡ് വിവാദത്തില്‍പ്പെട്ടു. വിന്‍ഡീസിനോട് ഇംഗ്ലണ്ട് 10 വിക്കറ്റിന് തോറ്റ് തുന്നംപാടി ദിവസങ്ങള്‍ കഴിഞ്ഞ് ബാര്‍ബഡോസ് ബീച്ചില്‍ ഒരു യുവതിയെ ചുംബിച്ച് നില്‍ക്കുന്ന കോളിങ്​വുഡിന്‍റെ ചിത്രങ്ങളും വൈറലായിരുന്നു. ആഷസില്‍ ഓസീസിനോടേറ്റ നാണംകെട്ട തോല്‍വിക്ക് പിന്നാലെയായിരുന്നു കോളിങ​്​വുഡിനെ ഇടക്കാല കോച്ചായി ഇസിബി നിയമിച്ചത്. 

49കാരനായ കോളിങ്​വുഡ് നിലവില്‍ വിവാഹമോചിതനാണ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിംബാംബ്​വെയ്ക്കെതിരായ ടെസ്റ്റിന്റെ സമയത്ത് പിന്‍മാറിയതും വാര്‍ത്തയായിരുന്നു. അതേസമയം, കോളിങ്​വുഡിന്‍റെ ഈ മുങ്ങലിന് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. എച്ച്.എം റവന്യൂ കസ്റ്റംസുമായുള്ള നിയമപോരാട്ടവും കോളിങ്​വുഡ് തോറ്റതോടെ രണ്ട് കോടിയോളം രൂപ നികുതിയിനത്തിലും അടയ്ക്കണം. വന്‍ വെട്ടിപ്പാണ് താരം നടത്തിയതെന്നായിരുന്നു കണ്ടെത്തല്‍. 68 ടെസ്റ്റുകളില്‍ നിന്നായി 4259 റണ്‍സും  197 ഏകദിനങ്ങള്‍ നിന്ന് 5092 റണ്‍സും 111 വിക്കറ്റുമാണ് കോളിങ്​വുഡിന്‍റെ സമ്പാദ്യം. 

ENGLISH SUMMARY:

Paul Collingwood is facing a significant scandal involving tax evasion and controversial personal life choices. The former England cricket star is reportedly in hiding following allegations of a multi-million dollar tax fraud and the resurfacing of leaked audio detailing explicit personal encounters.