ടെസ്റ്റ് താരങ്ങള്‍ ഉള്‍പ്പെടുന്ന മഹാരാഷ്ട്ര മുന്‍നിരയെ തകര്‍ത്തെറിഞ്ഞ് രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ ഉജ്ജ്വല തുടക്കം. അക്കൗണ്ട് തുറക്കും മുമ്പ് മുന്‍ഇന്ത്യന്‍ ടെസ്റ്റ് താരം പൃഥ്വി ഷാ ഉള്‍പ്പടെ മൂന്നുപേരെ കേരളം പുറത്താക്കി. ഋതുരാജ് ഗെയ്ക്വാദ് – ജലജ് സക്സേന ആറാം വിക്കറ്റ് സെഞ്ചറി കൂട്ടുകെട്ടാണ്  വന്‍ തകര്‍ച്ചയില്‍ നിന്ന് മഹാരാഷ്ട്രയെ കരകയറ്റിയത്. ഏഴുവിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെന്ന നിലയില്‍ മഹാരാഷ്ട്ര രണ്ടാംദിനം ക്രീസിലെത്തും.

നായകനെന്ന നിലയില്‍ അരങ്ങേറ്റമല്‍സരത്തിനിറങ്ങിയ  മുഹമ്മദ് അസ്ഹറുദ്ദീന് കേരളത്തിന്‍റെ ബോളര്‍മാര്‍ നല്‍കിയത്  സ്വപ്നതുല്യതുടക്കം. ദേശീയ ക്രിക്കറ്റില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന മുന്‍ഇന്ത്യന്‍ ടെസ്റ്റ് താരം പ്രിഥ്വി ഷായെ പൂജ്യത്തിന് മടക്കിയ എം.ഡി.നിഥീഷ്  തൊട്ടടുത്ത പന്തില്‍ സിദ്ധിഷ് വീറിനെ അസ്ഹറുദീന്‍റെ കൈകളിലെത്തിച്ചു.  തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാവിലത്തെ ഈര്‍പ്പത്തിന്‍റെ ആനുകൂല്യവും ബോളര്‍മാര്‍ മുതലെടുത്തു.

മറുവശത്തുനിന്ന് എന്‍. ബേസില്‍ കൂടി ചേര്‍ന്നതോടെ അഞ്ചുറണ്‍സെടുക്കുന്നതിനിടെ മഹാരാഷ്ട്രയ്ക്ക് നാലുവിക്കറ്റ്  നഷ്ടം. പൃഥ്വി ഷാ, അർഷിൻ കുൽക്കർണി, സിദ്ധീഷ് വീർ, ക്യാപ്റ്റൻ അങ്കിത് ബാവ്നെ എന്നിവർ പൂജ്യത്തിന് പുറത്ത്. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മഹാരാഷ്ട്ര 18ന് 5 വിക്കറ്റ് എന്ന നിലയില്‍ തുടര്‍ന്ന് ഇന്ത്യന്‍താരം ഋതുരാജ് ഗെയ്ക്വാദും – മുന്‍ കേരള താരം ജലജ് സക്സേനയും ചേര്‍ന്നതോടെ മഹാരാഷ്ട്ര കരകയറി.  ഇരുവരും ആറാം വിക്കറ്റില്‍ ചേര്‍ത്തത് 122 റണ്‍സ്. സെഞ്ചുറിക്ക്  ഒന്‍പത് റണ്‍സ് അകലെ ഗെയ്ക്വാദിനെ ഏദന്‍ ആപ്പിള്‍ ടോം  മടക്കി. 49 റണ്‍സില്‍ ജലജും വീണു.

ENGLISH SUMMARY:

Kerala registered a brilliant start in the Ranji Trophy, dismantling the Maharashtra top order, with Prithvi Shaw among four batsmen dismissed for zero. The century partnership between Ruturaj Gaikwad (91) and Jalaj Saxena (49) rescued Maharashtra from a major collapse. Maharashtra ended Day 1 at 179/7.