മുംബൈ മുൻസിപ്പൽ കോർപ്പറേഷനിൽ ആദ്യ രണ്ടര വർഷം മേയർ സ്ഥാനം വേണമെന്ന ആവശ്യം ശക്തമാക്കി ശിവസേന ഷിൻഡെ വിഭാഗം. എന്നാൽ അഞ്ചുവർഷവും താക്കോൽ സ്ഥാനം ബിജെപിക്ക് തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. അതിനിടെ, കുതിരക്കച്ചവട ഭീതിയിൽ ശിവസേന ഷിൻഡെ വിഭാഗത്തിന്‍റെ എല്ലാ കൗണ്‍സിലര്‍മാരും ഹോട്ടലിൽ തന്നെ തുടരുകയാണ്.
ആശയമല്ല, അധികാരമാണ് മുഖ്യമെന്നു തെളിയിക്കുന്നത്താണ് കഴിഞ്ഞ കാലത്തെ മഹാരാഷ്ട്രയുടെ രാഷ്ട്രീയം. മേയർ സ്ഥാനത്തിനായി വിലപേശലിന് എത്തിയ ഷിൻഡെ വിഭാഗത്തിന് തൃപ്തികരമായ മറുപടിയല്ല മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നൽകിയത്. പരമാവധി ഡെപ്യൂട്ടി മേയർ സ്ഥാനവും, പ്രധാനപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവുമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്.
എന്നാൽ ഇതുപോരെന്നാണ് ഷിൻഡെ വിഭാഗത്തിന്‍റെ വാദം. കഴിഞ്ഞ തവണത്തെക്കാൾ 7 സീറ്റു മാത്രമേ ബിജെപിക്ക് അധികമുള്ളൂവെന്ന് ഷിൻഡെ മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു. എന്നാൽ ബിജെപിക്ക് ബിഎംസിയിൽ കൃത്യമായ വോട്ട് വർദ്ധന ഉണ്ടായി എന്നാണ് മുഖ്യമന്ത്രിയുടെ വാദം. നിലവിലെത്തെ സാഹചര്യത്തിൽ ശിവസേനയെ ദുർബലമാക്കാൻ ബിജെപിക്കും ദേവേന്ദ്ര ഫഡ്നാവിസിനും കഴിയില്ല.
ശിവസേനകൾ പിണക്കം മറന്ന് ഒന്നിച്ചാൽ അവഗണിക്കാൻ കഴിയാത്ത ശക്തിയായ മാറും. അതുകൊണ്ടുതന്നെ കരുതലോടെയുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.