Image Credit: instagram.com/chakaravarthyvarun

ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവാക്കാന്‍ തനിക്ക് മനഃപ്രയാസമാണെന്ന് തുറന്ന് പറഞ്ഞ് വരുണ്‍ ചക്രവര്‍ത്തി. പണത്തിന്‍റെ വിലയെന്തെന്ന് നന്നായി അറിഞ്ഞാണ് താന്‍ വളര്‍ന്നതെന്നും അത്രയും കരുത്തുള്ള വസ്തു  സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് താന്‍ കരുതുന്നതെന്നും താരം വ്യക്തമാക്കി. അതേസമയം, ആഡംബര വസ്തുക്കളില്‍ പണം ചെലവാക്കുന്നവരെ താന്‍ കുറ്റപ്പെടുത്തില്ലെന്നും അങ്ങനെ ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നുമാണ് പറയുന്നതെന്നും വരുണ്‍ വിശദീകരിച്ചു.

സാധാരണ മധ്യവര്‍ഗ മനസാണ് തന്‍റേതെന്നും ബ്രേക്ക്ഫാസ്റ്റ് വിത് ചാംപ്യന്‍സില്‍ വരുണ്‍ മനസ് തുറന്നു. 'എനിക്കാകെ അറിയാവുന്ന നിക്ഷേപം ഫിക്സഡ് ഡിപ്പോസിറ്റാണ്. തീര്‍ത്തും മധ്യവര്‍ഗ കാഴ്ചപ്പാട്. പണത്തിനെന്ത് കരുത്തുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്പോഴും അത്രയും കരുതലും ശ്രദ്ധയും വേണം. എന്‍റെ ജീവിതശൈലി പണം കൊണ്ട് മാറ്റുന്നതിനെക്കാള്‍ മറ്റൊരാളുടെ ജീവിതം കൂടി മെച്ചപ്പെടുത്തുന്നതാണ് കൂടുതല്‍ മനോഹരം'– താരം കൂട്ടിച്ചേര്‍ത്തു. 

വിലയേറിയ വാച്ച് ഒരിക്കല്‍ വാങ്ങിയതും പിന്നീട് അതില്‍ കടുത്ത കുറ്റബോധം തോന്നിയതും താരം തുറന്ന് പറഞ്ഞു. '30 ലക്ഷത്തിന്‍റെയും 40 ലക്ഷത്തിന്‍റെയും വാച്ച് ഞാന്‍ വാങ്ങിയെന്ന് കരുതൂ.. ഒരാളുടെ രണ്ടോ മൂന്നോ തലമുറ വരെയുള്ള ജീവിതം മാറ്റി മറിക്കാന്‍ കെല്‍പ്പുണ്ട് അത്രയും പണത്തിന്. ഒരിക്കല്‍ മൂന്ന് ലക്ഷത്തിനടുത്ത് വിലയുള്ള വാച്ച് ഞാന്‍ വാങ്ങി. കുറ്റബോധം കൊണ്ട് ഞാന്‍ ഉരുകാന്‍ തുടങ്ങി. പക്ഷേ അതിലും വിലയുള്ള സാധനങ്ങള്‍ വാങ്ങുന്നവരെ എനിക്കറിയാം. ഇപ്പോഴും ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്നവരാണ് എന്‍റെ ബാല്യകാല സുഹൃത്തുക്കളില്‍ പലരും. വിലയേറിയ വാച്ചോ, മറ്റുള്ള സാധനങ്ങളോ ധരിച്ച് അവരെ കാണാന്‍ പോകുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അങ്ങനെ അവരുടെ മുന്നിലെത്തി ആഡംബരം കാണിക്കുന്നത് അവരെ നിന്ദിക്കുന്നതിന് തുല്യമാണ്.. ഇതൊക്കെ എന്‍റെ ചിന്തകളാണ്. മറ്റാരെയും വിധിക്കാന്‍ ഞാന്‍ ആളല്ല..'- വരുണ്‍ ചക്രവര്‍ത്തി വിശദീകരിച്ചു. 

ENGLISH SUMMARY:

Varun Chakravarthy expresses discomfort spending money on luxury items, emphasizing his middle-class values and understanding of money's worth. He prefers using resources to improve someone else's life over indulging in a lavish lifestyle.