അവസാന പന്തുവരെ ആകാംക്ഷയും ഉദ്യോഗവും നിറഞ്ഞ ഒരു ട്വന്റി20 മത്സരം. ഇരുപതാം ഓവറിലെ അവസാന പന്ത്. ദക്ഷിണാഫ്രിക്കൻ പേസർ ആൻഡിലെ സിമിലേന്റെ പന്ത് നമീബിയൻ ബാറ്റർ സെയ്ൻ ഗ്രീൻ മിഡ് വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി പറത്തിയപ്പോൾ ബൗണ്ടറിക്കൊപ്പം പിറന്നത് ചരിത്രം കൂടിയാണ്.
നിർമാണം പൂർത്തിയായ വിൻഡ്ഹോക്കിലെ നമീബിയ ക്രിക്കറ്റ് സ്റ്റേഡിയം. ഗ്രൗണ്ടിലെ ആദ്യ രാജ്യാന്തര മത്സരം. ആതിഥേയരായ നമീബിയയ്ക്ക് എതിരാളികൾ കുട്ടി ക്രിക്കറ്റിലെ നിലവിലെ റണ്ണറപ്പുകൾ ആയ ദക്ഷിണാഫ്രിക്ക. വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചുവന്ന ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ കം ബാക്ക് ഇന്നിങ്സിനായിരുന്നു എല്ലാവരും അവിടെ കാത്തിരുന്നത്. പക്ഷെ വിധി മറ്റൊന്നായിരുന്നു.
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഡോണോവൻ ഫെരേര ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ ആ തീരുമാനം പിഴയ്ക്കുന്നതാണ് തുടക്കത്തിൽ തന്നെ കണ്ടത്. ആദ്യ ഓവറിൽ തന്നെ ഡി കോക്ക് പുറത്ത്. ലോക ക്രിക്കറ്റിലെ ഇത്തിരി കുഞ്ഞന്മാരായ നമീബിയയ്ക്കെതിരെ സ്കോർ കണ്ടെത്താൻ പ്രോട്ടീസ് ബാറ്റർമാർ വിയർത്തു. സ്കോർ ബോർഡ് ഒച്ചിഴയും വേഗത്തിൽ ഇഴഞ്ഞു. പക്ഷേ ലുവാൻ ഡ്രി പ്രിട്ടോറിയസ്(22), റുബിൻ ഹെർമാൻ(23) ജേസൺ സ്മിത്ത്(31) എന്നിവരുടെ ഇന്നിങ്സുകൾ അവരെ വലിയ നാണക്കേടിൽ നിന്ന് കരകയറ്റി. വാലറ്റവും രക്ഷക്കെത്തിയതോടെ 20 ഓവറിൽ ടീം 134 റൺസിലെത്തി.
ശ്രദ്ധയോടെയായിരുന്നു നമീബിയയുടെ മറുപടി ബാറ്റിങ് ടീം സ്കോർ 22 ൽ നിൽക്കേയാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഓപ്പണർ ജാൻ ഫ്രൈലിൻക് ഏഴുറൺസെടുത്ത് പുറത്തായി. മുൻനിര ബാറ്റർമാരെ അധികനേരം ക്രീസിൽ നിലയുറപ്പിക്കാൻ ദക്ഷിണാഫ്രിക്കൻ ബോളർമാർ അനുവദിച്ചില്ല. ഏഴോവറിൽ 51-3 എന്ന നിലയിലായിരുന്നു നമീബിയ. പക്ഷെ നായകൻ ജെറാർഡ് ഇറാസ്‌മസ്(21), ജെ.ജെ. സ്മിത്ത്(13), മലൻ ക്രുഗർ(18) എന്നിവരുടെ ഇന്നിങ്സ് ടീമിനെ നൂറുകടത്തി.
അവസാന 12 ബോളുകളിൽ വേണ്ടത് 23 റൺസ്. 19ആം ഓവറിൽ 12 റൺസ് അടിച്ചെടുത്തതോടെ ചരിത്ര വിജയത്തിലേക്ക് 11 റൺസ് ദൂരം. ക്രീസിൽ സെയ്ൻ ഗ്രീൻ. ആൻഡിലെ സിമിലേന്റെ ആദ്യ പന്ത് തന്നെ ലോങ്ങ് ലെഗിന് മുകളിലൂടെ ഗാലറിയിൽ എത്തിച്ചു ഗ്രീൻ സമ്മർദ്ദം അകറ്റി. രണ്ടാം പന്തിൽ ഒരു റൺ. അടുത്ത പന്തിൽ ട്രംപൽമാൻ രണ്ട് റൺ ഓടിയെടുത്തു. പിന്നീട് വേണ്ടത് ജയിക്കാൻ രണ്ട് റൺസ്. നാലാം പന്തിൽ വീണ്ടും സിംഗിൾ. അഞ്ചാം പന്തിൽ ഗ്രീനിന് റൺസെടുക്കാൻ സാധിച്ചില്ല. അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് നമീബിയ ചരിത്ര വിജയം ആഘോഷിച്ചു. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ചാംപ്യന്മാരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നമീബിയയുടെ ആദ്യ മത്സരവും ആദ്യ വിജയവും.
ട്വന്റി20 ക്രിക്കറ്റിൽ ഒരു അസോസിയേറ്റ് രാജ്യത്തോട് ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുന്നത്. എന്നാൽ ട്വന്റി20 യിൽ നമീബിയ പരാജയപ്പെടുത്തുന്ന നാലാമത്തെ ടെസ്റ്റ് കളിക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. അയർലൻഡ്, സിംബാബ്വെ, ശ്രീലങ്ക എന്നീ രാജ്യങ്ങളെയാണ് ഇതിന് മുൻപ് നമീബിയ കീഴടക്കിയത്.