കേരള ക്രിക്കറ്റിനെ നയിക്കാന്‍ ഇനി കാസര്‍കോട്ടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. കേരളത്തെ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് നയിച്ചാണ് സച്ചിന്‍ ബേബി നായകസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. ബുധനാഴ്ച്ച കാര്യവട്ടത്ത് തുടങ്ങുന്ന രഞ്ജി ട്രോഫി പുതിയ സീസണില്‍ മഹാരാഷ്ട്രയാണ് കേരളത്തിന്റെ ആദ്യ എതിരാളികള്‍.
കേരളം റണ്ണറപ്പായ കഴിഞ്ഞ സീസണില്‍ ഒരു സെഞ്ചുറിയടക്കം 635 റൺസുമായി ടീമിലെ റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീൻ. പുതിയ സീസണില്‍ കിരീടസാധ്യതയുള്ള ടീമായി കേരളം ഇറങ്ങുമ്പോള്‍, സച്ചിന്‍ ബേബിയില്‍ നിന്ന് ബാറ്റന്‍ സ്വീകരിച്ച് കേരളത്തെ നയിക്കുന്നതും അസ്ഹറുദ്ദീന്‍. ദുലീപ് ട്രോഫിയില്‍ ദക്ഷിണമേഖല ടീമിനെ നയിച്ചതും അസ്ഹറുദ്ദീനായിരുന്നു. അസറിനൊപ്പം, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ബാബ അപരാജിത്, വല്‍സന്‍ ഗോവിന്ദ്, ഷോണ്‍ റോജര്‍ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് കേരളത്തിന്റേത്. എംഡി നിഥീഷ്, എ.ന്‍പി ബേസില്‍, ഏദന്‍ ആപ്പിള്‍ ടോം, അതിഥി താരം അങ്കിത് ശര്‍മ എന്നിവരാണ് 15 അംഗ സ്ക്വാഡിലെ ബോളര്‍മാര്‍. എലൈറ്റ് ഗ്രൂപ്പ് ബിയലാണ് ഇക്കുറി കേരളം. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, സൗരാഷ്ട്ര ടീമുകളും ഗ്രൂപ്പിലുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച അമയ് ഖുറേസിയ തന്നെയാണ് ഹെഡ് കോച്ച്.