ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വന്നപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഓപ്പണിങ് റോളിലേക്ക് ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയതായിരുന്നു പ്രധാന പ്രശ്നം. ഫിനിഷര്‍ റോളില്‍ ജിതേഷ് ശര്‍മയുള്ളപ്പോള്‍ മധ്യനിരയില്‍ സഞ്ജു സഞ്ജുവിന് സ്ഥാനം ലഭിക്കില്ലെന്നായിരുന്നു എല്ലാവരും കരുതിയത്.
എന്നാല്‍ സഞ്ജുവിനെ കളിപ്പിക്കാതിരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലായിരുന്നുവെന്നാണ് സൂര്യകുമാര്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുവിനെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മനസ് തുറന്നത്. 'ശുഭ്മന്‍ ഗില്ലിനെയും ജിതേഷ് ശര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തിയതോടെ എല്ലാവരും കരുതിയത് സഞ്ജുവിന് പകരം ജിതേഷിനെ ഇറക്കുമെന്നാണ്. എന്നാല്‍ ഞങ്ങളുടെ പ്ലാന്‍ മറ്റൊന്നായിരുന്നു. ഏത് പൊസിഷനായാലും സഞ്ജു ടീമില്‍ വേണമെന്നുള്ള കാര്യത്തില്‍ കോച്ച് ഗൗതം ഗംഭീറിന് വളരെ വ്യക്തതയുണ്ടായിരുന്നു', സൂര്യ പറഞ്ഞു.
ടൂര്‍ണമെന്‍റില്‍ മധ്യനിരയില്‍ കളിച്ച സഞ്ജു നാല് ഇന്നിങ്സുകളിൽ നിന്ന് 132 റൺസ് നേടിയിരുന്നു. ഫൈനലില്‍ പാക്കിസ്ഥാനെതിരെ നിര്‍ണായക പ്രകടനവും പുറത്തെടുത്തു.