ഏകദിന വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 88 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ 159 റൺസെടുത്ത് ഓൾഔട്ട് ആകുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡിനും ദീപ്തി ശര്‍മയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്നേഹ് റാണ രണ്ടു വിക്കറ്റുകളും വീഴ്ത്തി.
മാച്ച് റഫറിയുടെ ടോസ് തീരുമാനം ഉയര്‍ത്തിയ വിവാദങ്ങളോടെയാണ് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ മല്‍സരം ആരംഭിച്ചത്. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന പറഞ്ഞത് തെറ്റായി കേള്‍ക്കുകയും റഫറി ടോസ് പാക്കിസ്ഥാന് അനുകൂലമായി വിധിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. മികച്ച തുടക്കത്തിന് ശേഷം ഇന്ത്യന്‍ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ പ്രകടനമാണ് ടീമിന് ഭേദപ്പെട്ട ടോട്ടല്‍ നല്‍കിയത്. റിച്ച ഘോഷ് 20 ബോളില്‍ പുറത്താവാതെ 35 റണ്‍സ് അടിച്ചുകൂടി. അര്‍ധസെഞ്ചറിക്ക് അരികില്‍, 46 റണ്‍സുമായി പുറത്തായ ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത പാക്കിസ്ഥാന്‍, ഇന്ത്യയുടെ പത്ത് വിക്കറ്റും സ്വന്തമാക്കി. പാക്കിസ്ഥാനായി ഡയാന ബെയ്ഗ് നാല് വിക്കറ്റെടുത്തു.
ഇന്ത്യ ഉയര്‍ത്തി 248 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക് ടീമില്‍ അർധ സെഞ്ചറി നേടിയ സിദ്ര അമീന് മാത്രമാണ് തിളങ്ങാൻ സാധിച്ചത്. 106 പന്തുകൾ നേരിട്ട സിദ്ര 81 റൺസെടുത്തു പുറത്തായി. 46 പന്തുകളിൽനിന്ന് നതാലിയ പർവേസ് 33 റൺസടിച്ചു. ക്യാപ്റ്റൻ ഫാത്തിമ സന ഉൾപ്പടെ ആറ് പാക്കിസ്ഥാൻ താരങ്ങൾ രണ്ടക്കം കടക്കാതെ മടങ്ങി. അതേസമയം, തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ നാലു പോയിന്റുമായി ഇന്ത്യ പട്ടികയിൽ ഒന്നാമതാണ്. രണ്ടു കളികളും തോറ്റ പാക്കിസ്ഥാൻ ആറാമതാണ്.