ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീം ചാംപ്യന്മാരായിട്ട് ദിവസം നാലു കഴിഞ്ഞിട്ടും ട്രോഫി ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. കപ്പുമായി മുങ്ങിയ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) അധ്യക്ഷനും പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രിയുമായ മുഹ്സിന്‍ നഖ്‍വി ഇന്ത്യയ്ക്ക് ട്രോഫി സമ്മാനിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഒരിക്കലും നടക്കാത്തൊരു നിബന്ധനയുമായാണ് നഖ്‍വി ഇന്ത്യന്‍ ടീമിനെ ട്രോഫി സ്വീകരിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്.
ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ഓഫീസില്‍ വച്ച് തന്‍റെ കയ്യില്‍ നിന്നും ട്രോഫി സ്വീകരിക്കാം എന്നാണ് നഖ്‍വി ബുധനാഴ്ച പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ താന്‍ ബിസിസിഐ പ്രതിനിധികളോട് മാപ്പു പറഞ്ഞു എന്ന വാര്‍ത്തയും നഖ്‍വി നിഷേധിച്ചു.
'എസിസി പ്രസിഡന്‍റ് എന്ന നിലയില്‍ അന്നും ഇന്നും ട്രോഫി നല്‍കാന്‍ ഞാന്‍ തയ്യാറാണ്. അവര്‍ക്ക് ട്രോഫി ആവശ്യമാണെങ്കില്‍ എസിസി ഓഫീസിലെത്തി എന്‍റെ കയ്യില്‍ നിന്നും ട്രോഫി സ്വീകരിക്കാം. ഞാന്‍ െതറ്റൊന്നും ചെയ്തിട്ടില്ല. ബിസിസിഐയോട് മാപ്പ് പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല' എന്നാണ് നഖ്‍വി എക്സില്‍ കുറിച്ചത്. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ബിസിസിഐ പ്രതിനിധികളായി പങ്കെടുത്ത ആശിഷ് ഷെലാര്‍, രാജീവ് ശുക്ല എന്നിവര്‍ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാത്തതിനെ വിമര്‍ശിച്ചിരുന്നു. താന്‍ ട്രോഫി നല്‍കാന്‍ തയ്യാറാണെന്നായിരുന്നു നഖ്‍വിയുടെ മറുപടി.
ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചതിന് പിന്നാലെ ട്രോഫി ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാക്ക് ആഭ്യന്തര മന്ത്രിയുമായ മുഹ്സിന്‍ നഖ്‍വി. മല്‍സരം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന നഖ്‍വി ഇന്ത്യ വിജയിച്ചതിന് പിന്നാലെ സമ്മാനദാന ചടങ്ങിനെത്തി. പാക്ക് രാഷ്ട്രീയക്കാരനില്‍ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് നഖ്‍വി ട്രോഫിയുമായി ഹോട്ടലിലേക്ക് പോയത്.