വെസ്റ്റിന്‍ഡീസിന്‍റെ ബ്രാന്‍ഡണ്‍ കിങ്ങിന്‍റെ വിക്കറ്റെടുത്ത സിറാജിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍
അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെ ഒന്നാമിന്നിങ്സില്‍ 162 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മികച്ച നിലയില്‍. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ആതിഥേയര്‍ രണ്ടുവിക്കറ്റിന് 121 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധസെഞ്ചറി നേടിയ കെ.എല്‍.രാഹുലും 36 റണ്‍സെടുത്ത യശസ്വി ജയ്സ്വാളുമാണ് ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 68 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ജയ്സ്വാളിന് പിന്നാലെ വന്ന സായി സുദര്‍ശന്‍ റോസ്റ്റണ്‍ ചേസിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ജെയ്ഡന്‍ സീലിനാണ് ജയ്സ്വാളിന്‍റെ വിക്കറ്റ്. രണ്ടുവിക്കറ്റിന് 90 റണ്‍സ് എന്ന നിലയില്‍ രാഹുലിനൊപ്പം ചേര്‍ന്ന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കൂടുതല്‍ നഷ്ടമില്ലാതെ സ്കോറിങ് മുന്നോട്ടുനയിച്ചു. രാഹുല്‍ 53 റണ്‍സോടെയും ഗില്‍ 18 റണ്‍സോടെയും ക്രീസിലുണ്ട്.
അഹമ്മദാബാദ് ടെസ്റ്റിന്‍റെ ആദ്യദിനം പന്തെറിയുന്ന മുഹമ്മദ് സിറാജ്
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിനെ മുഹമ്മദ് സിറാജും ബുംറയും ചേര്‍ന്നാണ് കെട്ടുകെട്ടിച്ചത്. ഓപ്പണര്‍ തേജ്നരെയ്ന്‍ ചന്ദര്‍പോളിനെ ധ്രുവ് ജുറെലിന്‍റെ കൈകളിലെത്തിച്ചാണ് സിറാജ് തുടങ്ങിയത്. തൊട്ടുപിന്നാലെ ഓപ്പണര്‍ ജോണ്‍ കാംപ്ബെലിനെ ബുംറയും ജുറെലിന്‍റെ കൈകളിലെത്തിച്ചു. 20 റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍മാരെ നഷ്ടമായ സന്ദര്‍ശകര്‍ക്ക് സിറാജിന്‍റെ ഓരോ പന്തും പരീക്ഷണമായിരുന്നു. അലിക് ആതെനസ്, ബ്രാന്‍ഡണ്‍ കിങ്, ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് എന്നിവര്‍ കൂടി സിറാജിന് മുന്നില്‍ മുട്ടുമടക്കി. 14 ഓവറില്‍ 40 റണ്‍സ് വഴങ്ങി 4 വിക്കറ്റ്!
അഹമ്മദാബാദ് ടെസ്റ്റിനിടെ ജസ്പ്രീത് ബുംറയും (വലത്ത്) വെസ്റ്റിന്‍ഡീസിന്‍റെ ജോണ്‍ കാംപ്ബെലും
തുടക്കം മുതലാക്കാന്‍ വിന്‍ഡീസ് ബാറ്റര്‍മാരില്‍ ആര്‍ക്കും കഴിയാതെ പോയതോടെ അവര്‍ ഒരുഘട്ടത്തില്‍ ആറുവിക്കറ്റിന് 105 റണ്‍സ് എന്ന നിലയിലായി. 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‍സും 26 റണ്‍സെടുത്ത ഷായ് ഹോപ്പും 24 റണ്‍സെടുത്ത ചേസും മാത്രമേ അല്‍പ്പമെങ്കിലും പിടിച്ചുനിന്നുള്ളു. ഗ്രീവ്സ് ബുംറയുടെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി. യോഹാന്‍ ലെയ്നിന്‍റെ കുറ്റിപിഴുത ബുംറ ആകെ മൂന്നുവിക്കറ്റെടുത്തു. കുല്‍ദീപ് യാദവ് രണ്ടും വാഷിങ്ടണ്‍ സുന്ദര്‍ ഒന്നും വിക്കറ്റെടുത്തു. നിതീഷ് കുമാര്‍ റെഡ്ഡിക്കും ജഡേജയ്ക്കും ചുരുക്കം ഓവറുകളേ എറിയേണ്ടിവന്നുള്ളു.
അഹമ്മദാബാദ് ടെസ്റ്റില്‍ കെ.എല്‍.രാഹുലും യശസ്വി ജയ്സ്വാളും റണ്ണിനായി ഓടുന്നു
രണ്ട് ടെസ്റ്റുകളാണ് വെസ്റ്റിന്‍ഡീസിന്‍റെ ഇന്ത്യ പര്യടനത്തിലുള്ളത്. രണ്ടാം ടെസ്റ്റ് ഈമാസം 10 മുതല്‍ 14 വരെ ഡല്‍ഹിയില്‍ നടക്കും. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ പോയന്‍റ് പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ മൂന്നാംസ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് കളിച്ച ടീം രണ്ടെണ്ണം ജയിച്ചു. ഒന്നില്‍ സമനില നേടി. രണ്ടെണ്ണത്തില്‍ തോറ്റു. 28 പോയന്‍റുള്ള ഇന്ത്യ ഓസ്ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കും പിന്നിലാണ്. കളിച്ച മൂന്നുടെസ്റ്റും തോറ്റ വെസ്റ്റിന്‍ഡീസ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.