India's captain Suryakumar Yadav (R) arrives at Ahmedabad airport ahead of the 2026 ICC Men's T20 Cricket World Cup final match against New Zealand in Ahmedabad on March 6, 2026. (Photo by Shammi MEHRA / AFP)
ട്വന്‍റി 20 ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അഹമ്മദാബാദില്‍ താമസിക്കാന്‍ മുന്‍ നിശ്ചയിച്ചിരുന്ന ഹോട്ടല്‍ ഇന്ത്യന്‍ ടീം മാറിയെന്ന് റിപ്പോര്‍ട്ട്. നിലവില്‍ താമസിക്കാന്‍ തിരഞ്ഞെടുത്ത ഹോട്ടല്‍ ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് നീക്കമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 'അഹമ്മദാബാദില്‍ ടീം ഇന്ത്യയ്ക്ക് താമസിക്കാന്‍ തിരഞ്ഞെടുത്തിരുന്ന ഹോട്ടല്‍ ബിസിസിഐ അവസാന നിമിഷം റദ്ദാക്കി. കാരണമെന്തെന്ന് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. പക്ഷേ ഇതേ ഹോട്ടലില്‍ മുന്‍പ് രണ്ട് തവണ താമസിച്ചപ്പോഴും ഇന്ത്യ കളി (2023 ലെ ഏകദിന ലോകകപ്പ് ഫൈനല്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പര്‍ എട്ടില്‍ തോറ്റിരുന്നു' എന്നാണ് പിടിഐയുടെ റിപ്പോര്‍ട്ട്. ക്രിക്കറ്റ്താരങ്ങള്‍ പൊതുവേ 'അന്ധവിശ്വാസി'കളാണെങ്കിലും ഇതല്‍പ്പം കടന്നുപോയില്ലേയെന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ഇന്ത്യയ്ക്ക് അത്ര ഭാഗ്യ ഗ്രൗണ്ടല്ലെന്നതാണ് വാസ്തവം. 2023 ലെ ലോകകപ്പ് ഫൈനലില്‍ മറ്റെല്ലാ ആനുകൂല്യങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യ ഓസീസിനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതും ഇതേ ഗ്രൗണ്ടിലാണ്. ട്വന്‍റി 20യില്‍ ഇന്ത്യയുടെ ഏറ്റവും ദയനീയ പരാജയവുമായിരുന്നു ഇത്. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ 111 റണ്‍സില്‍ പുറത്തായി.
വാങ്കഡെയില്‍ മല്‍സരത്തിന് തലേ ദിവസം ചന്ദ്രഗ്രഹണത്തെ തുടര്‍ന്ന് ഇന്ത്യ പരിശീലനം വൈകിച്ചിരുന്നു. 45 മിനിറ്റ് വൈകിയ ശേഷമാണ് ടീം നെറ്റ്സില്‍ ഇറങ്ങിയത്. ചന്ദ്രഗ്രഹണ സമയത്ത് പുറത്തിറങ്ങിയാല്‍ ദൗര്‍ഭാഗ്യം വരുമെന്ന അന്ധവിശ്വാസം രാജ്യത്ത് പലയിടങ്ങളിലുമുണ്ട്. എന്തായാലും സെമിയില്‍ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.