Team India poses for a photograph after winning the Asia Cup cricket final against Pakistan at Dubai International Cricket Stadium, United Arab Emirates, Sunday, Sept. 28, 2025. (AP Photo/Altaf Qadri)

TOPICS COVERED

ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ച് ഒന്‍പതാം കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ വമ്പന്‍ പാരിതോഷികം. 21 കോടി രൂപയാണ്  കളിക്കാര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമായി ബിസിസിഐ പ്രഖ്യാപിച്ചത്. '3–0. ഏഷ്യാകപ്പ് ചാംപ്യന്‍സ്. സന്ദേശം വ്യക്തം. കളിക്കാര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും 21 കോടി പാരിതോഷികം' എന്നായിരുന്നു എക്സില്‍ ബിസിസിഐയുടെ പോസ്റ്റ്. 

പാക്കിസ്ഥാനെ തകര്‍ത്ത് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. 'കളിക്കളത്തിലെ ഓപ്പറേഷന്‍ സിന്ദൂറെ'ന്നാണ് മോദി കിരീടനേട്ടത്തെ വിശേഷിപ്പിച്ചത്. എന്തായാലും ഫലം ഇന്ത്യയുടെ വിജയമായിരിക്കുമെന്നും മോദി എക്സില്‍ കുറിച്ചു.

ദുബായില്‍ ഇന്ത്യയ്ക്ക് ആഘോഷരാവായിരുന്നു ഇന്നലെ. സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകര്‍ക്ക് മുന്നില്‍ പാക്കിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയില്‍ നിന്ന പാക്കിസ്ഥാനെ 146 റണ്‍സിലേക്ക് ചുരുട്ടിക്കെട്ടിയത് കുല്‍ദീപ് മാജിക് ആയിരുന്നു. ഓപ്പണര്‍മാര്‍ നല്‍കിയ തകര്‍പ്പന്‍ തുടക്കത്തില്‍ നിന്നും പാക്കിസ്ഥാന്‍റെ മധ്യനിരയെ കുല്‍ദീപ് തച്ചുടച്ചു. പിന്നാലെ ബുംറയുടെ രണ്ട് വിക്കറ്റ് നേട്ടവും റൗഫിനുള്ള മറുപടിയും.  

ബാറ്റിങിനിറങ്ങിയ ഇന്ത്യ പവര്‍പ്ലേയില്‍ പതറി. അഭിഷേകിന്‍റെയും സൂര്യകുമാറിന്‍റെയും ഗില്ലിന്‍റെയും വിക്കറ്റുകള്‍ വീണു. കടുത്ത സമ്മര്‍ദത്തിലും ഒരറ്റത്ത് തിലക് വര്‍മയെന്ന 22കാരന്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ കളി തിരിച്ചു പിടിച്ചു. 53 പന്തില്‍ നിന്നും 69 റണ്‍സാണ് തിലക് അടിച്ചു കൂട്ടിയത്. 

ENGLISH SUMMARY:

Asia Cup win secures a massive reward from BCCI for the Indian team. The BCCI announced a ₹21 crore reward for the players and supporting staff following their victory against Pakistan in the Asia Cup final.