സൂപ്പര്‍ ഫോറിലെ അവസാന മാച്ചില്‍ പരാജയമേറ്റുവാങ്ങി ശ്രീലങ്ക മടങ്ങുമ്പോഴും ഇന്ത്യയുടെ വിജയത്തിളക്കത്തോളം ശോഭയുള്ള പ്രകടനം കാഴ്ച വെച്ച ലങ്കന്‍ താരം. സെഞ്ചുറി കരുത്തില്‍ ശ്രീലങ്കയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ച കരുത്തുറ്റ ഇന്നിങ്സ്. ഇന്ത്യന്‍ ബോളര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും തളയ്ക്കാനാകാതെ പോയ ലങ്കയുടെ പോരാളി. പതും നിസങ്ക.
ടൂര്‍ണമെന്‍റില്‍ എല്ലാ മല്‍സരങ്ങളും ജയിച്ച് ഫൈനല്‍ ഉറപ്പിച്ച ടീം ഇന്ത്യയ്ക്ക് മുന്നിലേക്കെത്തിയ 'ഔട്ട് ഓഫ് സിലബസ്' താരമായിരുന്നു ആ വലംകയ്യന്‍ ഓപ്പണിങ് ബാറ്റര്‍. ഓപ്പണിങ് പാര്‍ട്ണറായി കൂടെയെത്തിയ കുശാല്‍ മെന്‍ഡിസ് നേരിട്ട ആദ്യ പന്തില്‍ പുറത്തായെങ്കിലും പിന്നാലെയെത്തിയ കുശാല്‍ പെപേരയെ കൂട്ടുപിടിച്ച് 134 റണ്‍ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്താന്‍ നിസങ്കയ്ക്ക് സാധിച്ചു.
കരുത്തരായ ടീം ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ ഒരുക്കമല്ലാതിരുന്ന ആ 27 കാരന്‍ ഇന്ന് അടിച്ചുകൂട്ടിയത് 58 പന്തുകളില്‍ നിന്ന് 6 സിക്റസുകളും 7 ഫോറുകളുമുള്‍പ്പെടെ 107 റണ്‍സ്. ഇന്ത്യന്‍ ബൗളര്‍മാരില്‍ എല്ലാവരും നിസങ്കയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞു.
203 റണ്‍സ് വിജയലക്ഷ്യം ചെയ്സ് ചെയ്യാനിറങ്ങിയ ലങ്കയെ 19 ഓവറില്‍ 191 റണ്‍സിലെത്തിച്ചിരുന്നു നിസങ്കയുടെ പോരാട്ടവീര്യം. പക്ഷേ അവസാന ഓവറില്‍ 12 റണ്‍സ് വേണമെന്നിരിക്കെ ആദ്യ പന്തില്‍ നിസങ്കയുടെ പോരാട്ടം അവസാനിച്ചു. ഗംഭീര ഇന്നിങ്സ് കാഴ്ചവെച്ച് ശ്രീലങ്കയെ വിജതീരത്തേക്ക് അടുപ്പിച്ചെങ്കിലും കരകയറാന്‍ ടീമിന് സാധിച്ചില്ല. പിന്നാലെയെത്തിയ ജനിത് ലിയാനഗെ 2 ബോളില്‍ 2 റണ്‍സെടുത്തു. അവസാന രണ്ട് പന്തുകളില്‍ ഷനക ബൗണ്ടറിയും ഡബിളും നേടിയതോടെ ശ്രീലങ്കന്‍ സ്കോര്‍ ഇന്ത്യയ്ക്കൊപ്പമായി. പക്ഷേ സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നത് ആ പോരാളിക്ക് നിസഹായനായി കണ്ടുനില്‍ക്കേണ്ടിവന്നു.
സൂപ്പര്‍ ഓവറില്‍ രണ്ട് റണ്‍സിലേക്ക് ചുരുങ്ങിയ ശ്രീലങ്കയെ ആദ്യ പന്തില്‍ തോല്‍പ്പിച്ച്, തോല്‍വി അറിയാതെ ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. സൂപ്പര്‍ ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപിന്‍റെ പ്രകടനമാണ് നിര്‍ണായകമായത്. രണ്ട് റണ്‍സ് വിട്ടുകൊടുത്ത് അര്‍ഷ്ദീപ് രണ്ട് വിക്കറ്റെടുത്തു.