നാലുപതിറ്റാണ്ടിനിടെ ആദ്യമായി ഏഷ്യ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ വജ്രായുധമാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ. മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പടെ 309 റണ്‍സാണ് അഭിഷേക് ഇതിനോടകം അടിച്ചുകൂട്ടിയത്. ട്വന്റി 20 ഏഷ്യ കപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും അഭിഷേക് ശര്‍മ സ്വന്തമാക്കി
ആറുമല്‍സരങ്ങള്‍.... 309 റണ്‍സ്... നേരിട്ടത് വെറും 151 പന്തുകള്‍.....ഏഷ്യ കപ്പിലെ താരമാരെന്ന് ചോദിച്ചാല്‍ അഭിഷേക് ശര്‍മയെന്ന് മാത്രം ഉത്തരം. പാക്കിസ്ഥാന്‍ 172 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ അഭിഷേക് നേടിയത് 39 പന്തില്‍ നിന്ന് 74 റണ്‍സ്. ദുബായിലെ പിച്ചില്‍ പാക്കിസ്ഥാന്‍റെ സ്കോര്‍ ഇന്ത്യയ്ക്ക് ഒരുഘട്ടത്തിലും വെല്ലുവിളിയായില്ല. ബംഗ്ലദേശിനെതി 37 പന്തില്‍ 75 റണ്‍സ്. ലങ്കയ്ക്കെതിരെ 31 പന്തില്‍ 61 റണ്‍സ്. 2022ലെ ഏഷ്യ കപ്പില്‍ വിരാട് കോലി നേടിയ 276 റണ്‍സിന്റെ ഇന്ത്യന്‍ റെക്കോര്‍ഡാണ് അഭിഷേക് മറികടന്നത്. ഇതേ ഏഷ്യ കപ്പില്‍ 281 റണ്‍സ് അടിച്ചെടുത്ത മുഹമ്മദ് റിസ്വാന്റെ റെക്കോര്‍ഡും ഒരു മല്‍സരം ശേഷിക്കെ അഭിഷേക് പഴങ്കഥയാക്കി. ബാറ്റിങ് ദുഷ്കരമായ യുഎഇയിലെ ഗ്രൗണ്ടുകളിൽ 200 റൺസിനു മുകളിൽ നേടിയ ഒരേ ഒരു ബാറ്ററും അഭിഷേക് ശര്‍മ മാത്രമാണ്. അന്‍പതിന് മുകളില്‍ ശരാശരിയുള്ളതും അഭിഷേകിന് മാത്രം. ഒരുകാര്യം ഉറപ്പിക്കാം അഭിഷേക് പതിവുപോലെ കത്തിക്കയറിയാല്‍ ഏഷ്യ കപ്പ് ഇങ്ങ് പോരും