ഏഷ്യാകപ്പ് മൽസരത്തിനിടെ കാണികള്‍ക്കുനേരെ യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന ആക്ഷൻ കാണിച്ച പാക്ക് ബൗളർ ഹാരിസ് റൗഫ് വലിയ വിമർശനം നേരിട്ടിരുന്നു. ആറ് എന്ന് കൈവിരലുകൾ ഉയർത്തി കാണിച്ച ശേഷം വിമാനം വീഴുന്നതായാണ് റൗഫ് കാണിച്ചത്. ഓപറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ ആറു യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ വാദത്തെ സൂചിപ്പിക്കുന്നതായിരുന്നു ആക്ഷൻ.
ഇതിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് പാക്ക് ആഭ്യന്തര മന്ത്രി ഖാജ ആസിഫ്. 6-0 സംഭവം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നാണ് ഖാജ ആസിഫിന്റെ പോസ്റ്റ്. "ഹാരിസ് റൗഫ് അവരെ നന്നായി കൈകാര്യം ചെയ്തു. ഇത് തുടരുക. ക്രിക്കറ്റ് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കും. എന്നാൽ 6/0 എന്ന ഇന്ത്യ മറക്കില്ല, ലോകവും അത് ഓർക്കും" എന്നാണ് ഖാജ ആസിഫിന്റെ പോസ്റ്റ്. യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു എന്ന പാക്ക് അവകാശവാദങ്ങൾ നേരത്തെ ഇന്ത്യ തള്ളിയിരുന്നു. റഫാൽ യുദ്ധവിമാനങ്ങളുടെ നിർമാതാക്കളായ ദസ്സാൾട്ട് ഏവിയേഷനും പാക്കിസ്ഥാൻ വാദങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കിയിരുന്നു.
ബാറ്റിങിനിടെ പാക്കിസ്ഥാൻ താരം സാഹിബ്‌സാദ ഫർഹാൻ ബാറ്റു കൊണ്ട് വെടിയുതിർക്കുന്നതു പോലെയുള്ള ആംഗ്യം കാണിച്ചതും ചർച്ചയായിരുന്നു. അർധസെഞ്ചറി തികച്ചതിനു പിന്നാലെയാണ് സാഹിബ്സാദ ഫർഹാന്റെ ആക്ഷൻ. ഡ്രസിങ് റൂമിനുനേരെ തിരിഞ്ഞുനിന്നാണ് ബാറ്റു കൊണ്ട് സാങ്കൽപ്പിക വെടിയുതിർത്ത് ഫർഹാൻ ആഘോഷിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമീപകാല അതിർത്തി സംഘർഷങ്ങളുടെയും കഴിഞ്ഞ മത്സരത്തിലെ ഹസ്തദാന വിവാദത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു പാക്ക് താരങ്ങളുടെ ആഘോഷങ്ങൾ.