Image Credit: AFP
ഏഷ്യകപ്പ് സൂപ്പര്‍ ഫോര്‍ മല്‍സരത്തിനിടെ ഇന്ത്യന്‍ കാണികളെ പ്രകോപിപ്പിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. ബൗണ്ടറി ലൈനരികെ എത്തിയാണ് റൗഫ് കാണികളെ പ്രകോപിപ്പിച്ചത്. 2022 ലെ ട്വന്‍റി 20 ലോകകപ്പില്‍ റൗഫിനെ, വിരാട് കോലി അടുപ്പിച്ച് രണ്ട് തവണ സിക്സ് പറത്തിയിരുന്നു. ഇത് ഓര്‍മിപ്പിച്ച് കാണികളില്‍ നിന്ന് 'കോലി വിളി' ഉയര്‍ന്നപ്പോഴാണ് റൗഫ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്ന് ആംഗ്യം കാണിച്ചത്. ആറ് എന്ന് കൈവിരലുകള്‍ ഉയര്‍ത്തി കാണിച്ച ശേഷം വിമാനം വീഴുന്നതായും കാണിച്ചു. ഇത് കാണികളെ വലിയതോതില്‍ അസ്വസ്ഥരാക്കി. ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ ആറു യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്നായിരുന്നു പാക്കിസ്ഥാന്‍റെ വാദം. എന്നാല്‍ ഇതിനൊന്നിനും തെളിവ് നല്‍കാന്‍ ഇതുവരെ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല.
ദുബായിലെ ഐസിസി അക്കാദമിയില്‍ പരിശീലനത്തിനിറങ്ങിയപ്പോഴും 6–0 എന്ന് പാക് താരങ്ങള്‍ ആര്‍ത്തുവിളിച്ചിരുന്നു. ഈ സമയത്ത് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരടക്കം സ്ഥലത്തുണ്ടായിരുന്നു. പാക് താരങ്ങള്‍ നിലവിട്ട് പെരുമാറുകയാണെന്ന വിമര്‍ശനവും ഇതിന് പിന്നാലെ ഉയര്‍ന്നു.
അതേസമയം, രാഷ്ട്രീയവും ക്രിക്കറ്റും കൂട്ടിക്കുഴയ്ക്കരുതെന്നും സ്പര്‍ധ വളര്‍ത്തുന്ന എല്ലാത്തില്‍ നിന്നും താരങ്ങള്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും പല മുന്‍താരങ്ങളും സമൂഹമാധ്യമത്തില്‍ കുറിച്ചു. ഏഷ്യകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടുന്ന രണ്ടാമത്തെ ആധികാരിക ജയമാണിത്. ഫൈനല്‍ ഉറപ്പിച്ചാല്‍ ഇന്ത്യ–പാക് പോരാട്ടത്തിന് വീണ്ടും സാധ്യതയുണ്ട്.