നേരിട്ട ആദ്യ പന്ത് പിച്ചില്‍ കുത്തി തലയ്ക്കു മീതെ ഉയര്‍ന്നു, അഭിഷേക് ശര്‍മയുടെ ബാറ്റ് വായുവില്‍ ഉടവാള്‍ പോലെ ഒന്നു പുളഞ്ഞു. സിക്സ്. ഈ ഒരൊറ്റ ഷോട്ടില്‍ തന്നെ ഇന്ത്യയുടെ നിലപാട് വ്യക്തമായിരുന്നു, പാക്കിസ്ഥാനെ നിലംപരിശാക്കുക. അത് സാധിക്കുകയും ചെയ്തു. ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ജയം ആറു വിക്കറ്റിന്. ജയിക്കാന്‍ 172 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
തുടക്കം മുതല്‍ അഭിഷേക് പന്ത് മൈതാനത്തിന്റെ നാനാവശങ്ങളിലേക്കും പായിച്ച് സിക്സും ഫോറുകളും കൊണ്ട് അഭിഷേകം തീര്‍ത്തു. 24 പന്തുകളില്‍ നിന്ന് അര്‍ധശതകവും പൂര്‍ത്തിയാക്കി. പാക്കിസ്ഥാനെതിരെ ഇന്ത്യൻ താരത്തിന്റെ വേഗതയേറിയ അർധ സെഞ്ചറിയാണിത്. 2012 ൽ 25 പന്തിൽ അർധ സെഞ്ചറിയിലെത്തിയ യുവരാജ് സിങ്ങിനെയാണ് അഭിഷേക് പിന്തള്ളിയത്.
പന്തെടുത്തവരെല്ലാം ഈ ബാറ്റിന്റെ ചൂടറിഞ്ഞു. മറുവശത്തും ശുഭ്മാന്‍ ഗില്ലും മോശമാക്കില്ല. അതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ അക്കങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. സ്കോര്‍ 105 ല്‍ നില്‍ക്കെ പാക്കിസ്ഥാന്‍ കാത്തിരുന്ന വിക്കറ്റ് വീണു. 47 റണ്‍സെടുത്ത ഗില്ലിന്റെ കുറ്റി അഷ്റഫ് തെറിപ്പിച്ചു. തൊട്ടു പിന്നാലെ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് പുറത്തായത് ഇന്ത്യയെ അല്‍പം പ്രതിരോധത്തിലാക്കി. എന്നാല്‍ ഒട്ടും പതറാതെ അഭിഷേക് തന്റെ സ്വന്തം ൈശലിയില്‍ പന്തു തുടരെ അതിര്‍ത്തി കടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ സ്വന്തം സ്കോര്‍ 74 ല്‍ നില്‍ക്കെ താരത്തിന് പിഴച്ചു. അഹമ്മദിന്റെ പന്ത് ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ഹാരിസ് റൗഫിന്റെ കൈകളില്‍ അവസാനിച്ചു. വെറും 39 പന്തുകളില്‍ നിന്നായിരുന്നു അഭിഷേക് 74 റണ്‍സ് നേടിയത്. പാക്കിസ്ഥാന്റെ ചങ്കിടിപ്പിന് താല്‍ക്കാലിക ശമനം.
സഞ്ജു സാംസണും തിലക് വര്‍മയ്ക്കുമായി പിന്നീട് സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം. കരുതലോടെയായിരുന്നു ഇരുവരുടേയും നീക്കം. കൂറ്റനടികള്‍ക്കു മുതിരാതെ ഇരുവരും സിംഗിളുകളും ഡബിളുകളും നേടി പതുക്കെ നീങ്ങി. എന്നാല്‍ 13 റണ്‍സെടുത്ത സഞ്ജുവും പുറത്തായി. എന്നാല്‍ തിലക് വര്‍മ മനസാന്നിധ്യത്തോടെ ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യയ്ക്ക് സൂപ്പര്‍ ഫോറില്‍ സൂപ്പര്‍ ജയം. 19 പന്തുകളില്‍ നിന്നും 30 റണ്‍സുമായി തിലക് വര്‍മയും ഏഴ് റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു.
ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങനയക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. അർധ സെഞ്ചറി നേടിയ ഓപ്പണർ സഹിബ്സദ ഫർഹാനാണ് പാക്കിസ്ഥാനെ മാന്യമായ സ്കോറിലേക്കെത്തിച്ചത്. 45 പന്തുകൾ നേരിട്ട സഹിബ്സദ ഫർഹാൻ 58 റൺസെടുത്തു പുറത്തായി. അവസാന ഓവറുകളിൽ എട്ട് പന്തിൽ 20 റൺസടിച്ച ഫഹീം അഷറഫിന്റെ പ്രകടനവും പാക്കിസ്ഥാനു രക്ഷയായി. മുഹമ്മദ് നവാസ് (19 പന്തിൽ 21), സയിം അയൂബ് (17 പന്തിൽ 21), ക്യാപ്റ്റൻ ആഗ സൽമാൻ (13 പന്തിൽ 17) എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യയ്ക്കായി ശിവം ദുബെ രണ്ടും ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.