ഇന്ത്യയ്ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനം പാകിസ്ഥാൻ ബഹിഷ്കരിച്ചു. തങ്ങൾക്ക് ആവശ്യമില്ലാത്ത മാച്ച് റഫറിയെ തന്നെ വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. ഇന്ത്യ-പാക് ഗ്രൂപ്പ് മത്സരത്തിൽ ഹസ്തദാന വിവാദത്തിന് കാരണമായ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് തന്നെയായിരിക്കും നാളത്തെ മത്സരവും നിയന്ത്രിക്കുക.
നേരത്തെ, പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഹസ്തദാനം നൽകാൻ വിസമ്മതിച്ച ഇന്ത്യന്‍ താരങ്ങളുടെ നിലപാടിനെ പൈക്രോഫ്റ്റ് പിന്തുണച്ചിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തെ മാച്ച് റഫറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടെങ്കിലും ഐസിസി ആ ആവശ്യം നിഷേധിച്ചു.
തുടർന്ന്, യു.എ.ഇ.യുമായുള്ള മത്സരത്തിന് ഇറങ്ങാൻ വൈകിയതിലൂടെ പാകിസ്ഥാൻ പ്രതിഷേധം അറിയിക്കുകയും, മത്സരം ഒരു മണിക്കൂറോളം വൈകുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഐസിസി പാകിസ്ഥാനോട് വിശദീകരണം തേടിയിട്ടുണ്ട്. നാളെയും സമാനമായ നാടകീയ നീക്കങ്ങൾ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, കടുത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പ് ഐസിസി നൽകിയിട്ടുള്ളതിനാൽ അത്തരം നീക്കങ്ങൾക്ക് സാധ്യത കുറവാണ്. വാർത്താസമ്മേളനം ബഹിഷ്കരിച്ചതിലൂടെ ഐസിസിയുടെ തീരുമാനത്തോടുള്ള തങ്ങളുടെ ശക്തമായ എതിർപ്പ് പരസ്യമാക്കുകയാണ് പാകിസ്ഥാൻ.