ഏഷ്യാ കപ്പില്‍ യുഎഇയെ 41 റൺസിന് പരാജയപ്പെടുത്തി പാകിസ്ഥാൻ സൂപ്പർ ഫോറിലേക്ക് കടന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. ബഹിഷ്കരണ ഭീഷണികളടക്കമുള്ള നാടകീയതകള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ യുഎഇക്കെതിരെ മല്‍സരത്തിനിറങ്ങിയത്. തുടര്‍ന്ന് മല്‍സരം ഒരു മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.
ടോസ് ലഭിച്ച യുഎഇ പാകിസ്ഥാനെ ബാറ്റിങിനായി അയയ്ക്കുകയായിരുന്നു. 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍ 146 റണ്‍സെടുത്തത്. ഫഖാര്‍ സമാന്റെ അര്‍ധസെഞ്ചുറിയാണ് പാക്കിസ്ഥാനെ മാന്യമായ സ്കോറിലെത്തിച്ചത്. പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ഭേദപ്പെട്ട തുടക്കമായിരുന്നു യുഎഇ കാഴ്ച വച്ചതെങ്കിലും പാകിസ്ഥാന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു. 35 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത രാഹുല്‍ ചോപ്രയാണ് യുഎഇ നിരയിലെ ടോപ് സ്‌കോറര്‍. യുഎഇയുടെ പാക് വംശജനായ ജുനൈദ് സിദ്ദിഖ് നാലും ഇന്ത്യന്‍ വംശജന്‍ സിംരന്‍ജീത് സിങ് മൂന്നും വിക്കറ്റെടുത്തു.
ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെയുണ്ടായ ഹസ്തദാന വിവാദത്തെ തുടർന്ന് പാക് ടീം യുഎഇയുമായുള്ള മല്‍സരത്തില്‍ നിന്നും പിന്‍മാറുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മല്‍സരത്തിന്‍റെ റഫറിയുടെ സ്ഥാനത്ത് നിന്ന് ആൻഡി പൈക്റോഫ്റ്റിനെ മാറ്റാൻ പാകിസ്ഥാന്‍ ആവശ്യപ്പെട്ടെങ്കിലും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വിസമ്മതിച്ചിരുന്നു. ഇതോടെയാണ് യുഎഇയുമായുള്ള മല്‍സരം ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണിയുയര്‍ത്തിയത്.
ഏഷ്യാകപ്പില്‍ ഇന്ത്യയുമായുണ്ടായ ഹസ്തദാന വിവാദത്തിന് പിന്നാലെയായിരുന്നു ടൂര്‍ണമെന്‍റില്‍ നിന്ന് മാച്ച് റഫറിം ആന്‍ഡി പൈക്റോഫ്റ്റിനെ മാറ്റണമെന്ന് പാകിസ്ഥാന്‍ അവശ്യപ്പെട്ടത്. പൈക്റോഫ്റ്റിനെ നീക്കിയില്ലെങ്കില്‍ ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുമെന്നായിരുന്നു പാക്കിസ്ഥാന്‍റെ ഭീഷണി. ഇന്ത്യ–പാക് മല്‍സരത്തിന് ശേഷം ഹസ്തദാനത്തിന് നില്‍ക്കാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങിയതില്‍ പൈക്റോഫ്റ്റ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഐസിസിക്ക് നല്‍കിയ കത്തിലാണ് പാക്കിസ്ഥാന്‍ ബഹിഷ്കരണ ഭീഷണി മുഴക്കിയത്. എന്നാല്‍ ആന്‍ഡി പൈക്റോഫ്റ്റ് ഒരു പെരുമാറ്റച്ചട്ടവും ലംഘിച്ചിട്ടില്ലെന്ന നിലപാടിലാണ് ഐസിസി. ഇതേതുടര്‍ന്ന് ഇന്നലെ പ്രീ–മാച്ച് പ്രസ് കോണ്‍ഫറന്‍സും പാക്കിസ്ഥാന്‍ റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ തലവനും പാക്കിസ്ഥാന്‍ മന്ത്രിയുമായ മൊഹ്സിൻ നഖ്‍വിയുടെ ഇടപെടലാണ് പാക് ടീമിനെ കളത്തിലിറക്കിയത്. ഇതിനിടെ റഫറി ആന്‍ഡി പൈക്രോഫ്റ്റ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മാനേജരോടും ക്യാപ്റ്റനോടും മാപ്പ് പറഞ്ഞെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്‌താവന ഇറക്കുകയും ചെയ്തു. സംഭവം ആശയവിനിമയത്തിലെ പിഴവുമൂലം ഉണ്ടായതാണെന്ന് ആന്‍ഡി പൈക്രോഫ്റ്റ് പറയുകയും പെരുമാറ്റച്ചട്ട ലംഘനത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഐസിസി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നുമാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്‌താവനയിൽ പറയുന്നത്.