Image Credit: PTI/ AFP (file)
ആഷസിന് തീ പിടിപ്പിക്കാന്‍ വാക്പോരിന് തുടക്കമിട്ട് മുന്‍ ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. സെഞ്ചറി വരള്‍ച്ചയ്ക്ക് ഇംഗ്ലിഷ് താരം ജോ റൂട്ട് വിരാമമിടുമെന്നും റൂട്ട് സെഞ്ചറിയടിച്ചില്ലെങ്കില്‍ താന്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന് ചുറ്റും പൂര്‍ണ നഗ്നനായി നടക്കുമെന്നുമാണ് ഹെയ്ഡന്‍റെ ചാലഞ്ച്. ചാലഞ്ച് കേട്ടതും 'ദയവായി സെഞ്ചറിയടിക്കൂ ജോ റൂട്ട്, പ്ലീസ്' എന്നായിരുന്നു മകളും കമന്‍റേറ്ററുമായ ഗ്രേസിന്‍റെ പ്രതികരണം. നവംബറില്‍ നടക്കുന്ന മല്‍സരത്തില്‍ റൂട്ട് തിരിച്ചുവരുമെന്ന് കടുത്ത ആത്മവിശ്വാസമാണ് ഹെയ്ഡന്‍ പ്രകടിപ്പിക്കുന്നത്. 'ഓള്‍ ഓവര്‍ ബാര്‍ ദ് ക്രിക്കറ്റ്' എന്ന പോഡ്കാസ്റ്റിലായിരുന്നു ഹെയ്ഡന്‍റെ അഭിപ്രായ പ്രകടനം.
ഓസീസിനെതിരെ സെഞ്ചറിയടിച്ച് റെക്കോര്‍ഡ് തിരുത്താനുള്ള സുവര്‍ണാവസരമാക്കി പരമ്പരയെ മാറ്റാനാകും റൂട്ടിന്‍റെ ശ്രമം എന്നാണ് വിലയിരുത്തല്‍. 2021ന് ശേഷം കളിച്ച 61 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 56.63 ശരാശരിയില്‍ 5720 റണ്‍സാണ് റൂട്ട് നേടിയത്. 22 സെഞ്ചറിയും 17 അര്‍ധ സെഞ്ചറിയും ഉള്‍പ്പെടുന്നതാണിത്. ഇന്ത്യയ്ക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ ഒന്‍പത് ഇന്നിങ്സുകളില്‍ നിന്നായി മൂന്ന് സെഞ്ചറിയും ഒരു അര്‍ധ സെഞ്ചറിയും ഉള്‍പ്പടെ 537 റണ്‍സ് റൂട്ട് അടിച്ചുകൂട്ടി. ഓസീസിനെതിരെ 14 ടെസ്റ്റുകള്‍ കളിച്ച് 892 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും സെഞ്ചറി നേടാന്‍ റൂട്ടിനിതേവരെ കഴിഞ്ഞിട്ടില്ല. ഒന്‍പത് അര്‍ധ സെഞ്ചറികള്‍ നേടിയിട്ടുള്ള താരത്തിന്റെ ഓസീസിനെതിരെയുള്ള മികച്ച സ്കോര്‍ 89 ആണ്.
ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ആഷസ് പരമ്പര റൂട്ടിന് മാത്രമല്ല ഇംഗ്ലണ്ടിനും നിര്‍ണായകമാണ്. 2011ന് ശേഷം ആദ്യമായി എവേ ആഷസ് ജയിക്കുകയെന്നതും 2015ന് ശേഷം ജയം നേടുകയെന്നതുമാണ് ഇംഗ്ലണ്ടിന് മുന്നിലെ വെല്ലുവിളി. ഓസ്ട്രേലിയന്‍ പിച്ചില്‍ ബാസ്ബോള്‍ ഫലവത്താകുമോ എന്നതിന്‍റെ ഉരകല്ല് കൂടിയാകും ആഷസ്. നവംബര്‍ 21ന് പെര്‍ത്തിലാകും അഞ്ച് മല്‍സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുക.