ടെസ്റ്റ് റണ്‍നേട്ടത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്‍റെ സിംഹാസനം ലക്ഷ്യമിട്ടാണ് ഇംഗ്ലീഷ് താരം ജോ റൂട്ടിന്റെ റണ്‍വേട്ട. ആഷസ് പരമ്പരയിലെ രണ്ടാം സെഞ്ചറിയോടെ റൂട്ടും സച്ചിനും തമ്മിലുള്ള അകലം, 1984 റണ്‍സ് മാത്രമായി.
40-ാം വയസില്‍ ക്രിക്കറ്റ് കരിയറിന് അവസാനമിടുമ്പോള്‍ സച്ചിൻ തെൻഡുൽക്കർ സമ്പാദിച്ചത് 15,921 റൺസ്. ടെസ്റ്റ് റണ്‍ നേട്ടത്തില്‍ സച്ചിന് പിന്നിലായി രണ്ടാം സ്ഥാനത്തുള്ള ജോ റൂട്ടിന്റെ സമ്പാദ്യം 13,937 റൺസ്. റൂട്ടിന് പ്രായം 35. ആഷസ് സിഡ്സി ടെസ്റ്റില്‍ നേടിയ 160 റണ്‍സോടെ നീണ്ട ഇന്നിങ്സുകൾ കളിക്കാനുള്ള കരുത്ത് കൈമോശം വന്നിട്ടില്ലെന്ന് റൂട്ട് എല്ലാവരെയും ഓർമിപ്പിച്ചു. കരിയറിലെ ശരാശരി നിലനിർത്തിയാൽ, ഓരോ ടെസ്റ്റ് മത്സരത്തിലും റൂട്ട് 80 മുതൽ 90 വരെ റൺസ് കൂട്ടിച്ചേർക്കും. ഈ നിരക്കിൽ 1,984 റൺസിന്റെ വിടവ് നികത്താൻ ഏകദേശം 22 മുതൽ 25 വരെ ടെസ്റ്റ് മത്സരങ്ങൾ വേണ്ടിവരും.
പരുക്കുകളില്ലാതെ ടീമിൽ സ്ഥാനം നിലനിർത്താനായാൽ ഏകദേശം രണ്ടര വർഷത്തെ മത്സരങ്ങൾ മതിയാകും ഇതിന്. എന്നാൽ, വെറും കണക്കുകൾ മാത്രമല്ല. പ്രായവും ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം കുറയുന്നതും ഘടകമാണ്. ഇംഗ്ലണ്ടിന് ഇനി ഹോം ഗ്രൗണ്ടില്‍ എതിരാളികളായി എത്തുന്നത് കിവീസും പാക്കിസ്ഥാനുമാണ്. സൗത്ത് ആഫ്രിക്കയ്ക്കും ബംഗ്ലദേശിനുമെതിരെ എവേ മല്‍സരങ്ങളുമുണ്ട്. അടുത്ത ആഷസ് പരമ്പരയ്ക്ക് വേദിയാകുന്നത് ഇംഗ്ലണ്ടാണ്. തുടര്‍ന്ന് ഇംഗ്ലണ്ട് ഇന്ത്യയിലേക്കുമെത്തും.