ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയോടും ഭാര്യ അനുഷ്കയോടും കഫേയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞെന്ന് ഇന്ത്യന്‍ വനിതാക്രിക്കറ്റ് താരം ജമൈമാ റോഡ്രിഗസ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് ജമൈമ തുറന്നുപറഞ്ഞത്.
ജീവിതത്തില്‍ സ്വകാര്യതയ്ക്കായി കോലിയും അനുഷ്കയും ഇപ്പോള്‍ ലണ്ടനിലാണ് താമസം. ഇടക്കിടെ പുറത്തിറങ്ങി ജീവിതം ആസ്വദിക്കാനും സുഹൃത്തുക്കളെ സന്ദര്‍ശിക്കാനുമൊക്കെ താരങ്ങള്‍ സമയം കണ്ടെത്തുന്നുണ്ട്. ഇതിനിടെയിലാണ് ഇരുവരും ന്യൂസിലന്‍ഡ് സന്ദര്‍ശിച്ചിരുന്നത്. അന്ന് അതേ ഹോട്ടലില്‍ താമസിച്ചിരുന്ന ജമൈമയും സ്മൃതി മന്ദാനയുമായി ദീര്‍ഘനേരം ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാന്‍ കോലി തയ്യാറായി. തങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിക്കുന്ന ഒരു സംഭാഷണമായിരുന്നു അത്. അന്ന് നാലുമണിക്കൂറോളം ഹോട്ടല്‍ കഫേയിലിരുന്ന് ക്രിക്കറ്റിനെക്കുറിച്ചു സംസാരിച്ചുവെന്നും ജമൈമ പറയുന്നു.
സ്മൃതിയ്ക്കും ജമൈമയ്ക്കും വനിതാ ക്രിക്കറ്റിനെ മാറ്റിമറിക്കാനുള്ള കഴിവുണ്ടെന്നും അതിന് താന്‍ സാക്ഷിയാകുമെന്നും കോലി പറഞ്ഞതായി അഭിമുഖത്തില്‍ താരം വെളിപ്പെടുത്തുന്നു. നേരത്തേ പരിചിതരായ സുഹൃത്തുക്കളുടെ സംസാരം പോലെയായിരുന്നു ആ മണിക്കൂറുകള്‍ നീണ്ട സംഭാഷണമെന്നും ജമൈമ പറയുന്നു.
സംഭാഷണം നാലുമണിക്കൂര്‍ നീണ്ടതോടെ കഫേ അധികൃതര്‍ വന്ന് തങ്ങളോട് ഇറങ്ങിപ്പോവണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ജമൈമ പറയുന്നു. മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജമൈമയുടെ വെളിപ്പെടുത്തല്‍.