khalid

TOPICS COVERED

ഏറെ നാളായി കേട്ട പരിഹാസങ്ങള്‍ക്കും തിരിച്ചടികള്‍ക്കും ഇന്ത്യ ഒടുവില്‍ മറുപടി നല്‍കി. കാഫാ നേഷന്‍സ് ലീഗിലെ മൂന്നാം സ്ഥാനം ഇന്ത്യന്‍ ഫുട്ബോളിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ആ ആത്മവിശ്വാസത്തിന്റെ പേരാണ് ഖാലിദ് ജമീല്‍.

എത്ര താഴ്ചയിലേക്ക് വീണാലും ഒരു ഉയിര്‍പ്പുണ്ടാകുമെന്ന് കാലം വീണ്ടും തെളിയിച്ചു. ഇന്ത്യന്‍ ഫുട്ബോളിന്റെ ഉയിര്‍പ്പിന് തജക്കിസ്ഥാന്‍ സാക്ഷിയായി. കാഫാ നേഷന്‍സ് കപ്പില്‍ വെങ്കല മെഡലാണ് ഇന്ത്യ നേടിയതെങ്കിലും അതിന് പൊന്നോളം തിളക്കമുണ്ടായിരുന്നു. ചിന്നിച്ചിതറിയ ഒരു ടീമിനെ ഒന്നാക്കിയ പരിശീലകന്‍ ഖാലിദ് ജമീലിനാണ് ആദ്യം കൈ കൊടുക്കേണ്ടത്. പരിശീലകനായതിന് പിന്നാലെയുള്ള ആദ്യ വെല്ലുവിളി.. കാഫാ നേഷന്‍സ് കപ്പ്. ടീമില്‍ അടിമുടി മാറ്റം. ഇതിഹാസ താരം ഛേത്രിയെ സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്താത്തില്‍ കേട്ട മുറുമുറുപ്പുകള്‍. പക്ഷേ വാക്കുകളേക്കാള്‍ പ്രവര്‍ത്തിക്ക് പ്രാധാന്യം കൊടുത്തു ഖാലിദ്. ആദ്യ മത്സരത്തില്‍ തജക്കിസ്ഥാനെ 2 ഗോളുകള്‍ക്ക് തകര്‍ത്ത് തുടക്കം ഗംഭീരമാക്കി. ഒടുക്കം ഫിഫ റാങ്കിങ്ങില്‍ 79ാം സ്ഥാനത്തുള്ള ഒമാനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൂന്നാംസ്ഥാനത്തെത്തി. ഖാലിദ്  ചുമതലയേറ്റതിന് ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു. പ്രതിരോധത്തിലും പാസിങ്ങിലും വന്ന കണിശതയും കൃത്യതയും. ആക്രമണത്തിലെ മൂര്‍ച്ച. ഓരോ മത്സരങ്ങള്‍ കഴിയുംതോറും ടീമിന്റെ ഒത്തിണക്കത്തിലും പ്രകടമായ മാറ്റം ദൃശ്യമായിരുന്നു. ഒമാനെതിരെ 1–0 ന് പിന്നിട്ടു നിന്ന ശേഷം 80ാം മിനിറ്റില്‍  സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഉദാന്ത സിങാണ് ഗോള്‍ നേടിയത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍  ഒമാന് ലഭിച്ച ആദ്യ രണ്ട് അവസരങ്ങളും ഗുര്‍പ്രീത് സിങ് സദ്ദു തടുത്തിട്ടതും ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രാഹുല്‍ ഭേക്കെ, ജിതിന്‍ എംഎസ്, ലാലിയന്‍സുവാല ചാങ്ടെ എന്നിവര്‍ ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടു. 2000 ന് ശേഷം ഒമാനെതിരെ കളിച്ച 9 മത്സരങ്ങളില്‍ ആറിലും ഇന്ത്യ തോറ്റിരുന്നു. അവിടെ നിന്നാണ് ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഒരു രാജ്യത്തിന്റെ പ്രതീക്ഷയുടെ ഉയിര്‍പ്പുകൂടിയാണിത്.