x.com/IndianFootball
കാഫ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പുതിയ പരിശീലകന്‍ ഖാലിദ് ജമീലിന് കീഴില്‍ ആദ്യ മല്‍സരത്തിന് ഇറങ്ങിയ ഇന്ത്യ തജിക്കിസ്ഥാനെ 2–1ന് തോല്‍പിച്ചു. അഞ്ചാം മിനിറ്റില്‍ അന്‍വര്‍ അലിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എട്ടുമിനിറ്റിനകം സന്ദേശ് ജിങ്കാന്‍ ഇന്ത്യയുടെ ലീഡുയര്‍ത്തി. ആദ്യ പകുതിയില്‍ തന്നെ തജിക്കിസ്ഥാന്‍ ഒരുഗോള്‍ തിരിച്ചടിച്ചു. മലയാളി താരങ്ങളായ മുഹമ്മദ് ഉവൈസും ആഷിഖ് കുരുണിയനും ആദ്യ ഇലവനില്‍ ഇടംപിടിച്ചിരുന്നു.
ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവായിരുന്നു ഇന്ത്യയുടെ നായകന്‍. മല്‍സരം ആരംഭിച്ച് അഞ്ചാം മിനിറ്റില്‍ തന്നെ അന്‍വര്‍ അലിയുടെ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തിയിരുന്നു. 13-ാം മിനിറ്റിലായിരുന്നു സന്ദേശ് ജിങ്കാന്‍റെ രണ്ടാം ഗോള്‍. പിന്നാലെ തജിക്കിസ്ഥാന്‍ ഒരുഗോള്‍ തിരിച്ചടിച്ചു ഷെഹ്‌റോം സമീവാണ് ഗോളടിച്ചത്. ഇതോടെ മല്‍സരത്തിന്‍റെ ആദ്യപകുതി 2-1 എന്ന നിലയിലായി. രണ്ടാം പകുതിയില്‍ താജിക്കിസ്താന്‍ ശക്തമായി മുന്നേറാന്‍ തന്നെ ശ്രമിച്ചുവെങ്കിലും ഗുര്‍പ്രീത് സിങ് സന്ധുവിന്റെ സേവുകളാണ് ഇന്ത്യയ്ക്ക് രക്ഷയായത്.
ഖാലിദ് ജമീലിന് ഇന്ത്യയുടെ ആദ്യ മല്‍സരമായിരുന്നു തജിക്കിസ്ഥാനെതിരെ നടന്നത്. ഇന്ത്യയുടെ വിജയത്തുടക്കം ടീമിനും ആരാധകര്‍ക്കും ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നുണ്ട്. സമീപകാലത്ത് നേരിട്ട തിരിച്ചടികള്‍ നേരിട്ട ഇന്ത്യന്‍ ടീമിനെ കരകയറ്റാന്‍ ഒരു ദശാബ്ദത്തിലേറെയായി ഐഎസ്എല്‍, ഐ ലീഗ് ടീമുകളെ പരിശീലിപ്പിക്കുന്ന ജമീലിന് കഴിയും എന്ന പ്രതീക്ഷയിലാണ് ഫെഡറേഷനും ഫുട്ബോള്‍ പ്രേമികളും. സെപ്തംബര്‍ ഒന്നിന് ഇറാനെതിരെയും സെപ്തംബര്‍ നാലിന് അഫ്ഗാനിസ്ഥാനെതിരെയും മല്‍സരങ്ങളുണ്ട്. ഒക്ടോബര്‍ മുതല്‍ എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങളും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നുണ്ട്.