Image Credit: BCCI
ബിസിസിഐയുടെ ആസ്തിയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 4193 കോടി രൂപയാണ് ബോര്‍ഡിന്‍റെ കീശയിലെത്തിയതെന്നും ഇതോടെ ആകെ സമ്പാദ്യം 20,686 കോടിയായി മാറിയെന്നും 'ക്രിക് ബസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ല്‍ ആറായിരം കോടി രൂപയായിരുന്നു ബിസിസിഐയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇതിലാണ് ആറു വര്‍ഷം കൊണ്ട് വന്‍ വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. 3150 കോടി രൂപ ആദായനികുതിയിനത്തിലും മറ്റുമായി 2023–24 ല്‍ ബിസിസിഐ അടച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വരുമാനം വര്‍ധിച്ചതിനൊപ്പം ജനറല്‍ ഫണ്ടിലെ വരുമാനവും വര്‍ധിച്ചിട്ടുണ്ട്.
അതേസമയം, മീഡിയ റൈറ്റ്സില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായി. 2524.80 കോടിയില്‍ നിന്ന് 813.14 കോടിയായാണ് കുറഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ വച്ച് നടന്ന രാജ്യാന്തര മല്‍സരങ്ങളുടെ എണ്ണം കുറഞ്ഞതാണ് ഇതിന് കാരണം. എന്നാല്‍ നിക്ഷേപം 533.05 കോടിയില്‍ നിന്നും 986.45 കോടിയായി വര്‍ധിച്ചിട്ടുണ്ട്.
ഐപിഎലിലെ വരുമാനവും ഐസിസി വിതരണത്തില്‍ നിന്നുമായി 1623. 08 കോടി രൂപയാണ് ബോര്‍ഡിന് ലഭിച്ചത്. അതിന് മുന്‍പത്തെ സാമ്പത്തിക വര്‍ഷം അത് 1167.99 കോടിയായിരുന്നു.
Mumbai: Players of the T20 World Cup-winning Indian cricket team acknowledge fans during their open bus victory parade, in Mumbai, Thursday, July 4, 2024. (PTI Photo) (PTI07_04_2024_000492B)
1200 കോടി രൂപയാണ് പോയ സാമ്പത്തിക വര്‍ഷം ബിസിസിഐ അടിസ്ഥാന സൗകര്യവികസനത്തിനായി നീക്കി വച്ചത്. പ്ലാറ്റം ജൂബിലി ബെനവലന്‍റ് ഫണ്ടിനായി 350 കോടിയും ക്രിക്കറ്റിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപയും വകയിരുത്തി. സംസ്ഥാന അസോസിയേഷനുകള്‍ക്കായി 1990 കോടി രൂപയും ലഭ്യമാക്കി. ഈ മാസം 28ന് ചേരുന്ന ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ കണക്കുകള്‍ സമര്‍പ്പിക്കും.