കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിന്റെ യുവനായകന്‍ കൃഷ്ണപ്രസാദിന്റെ സെഞ്ചറിക്കരുത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനു ജയം.
തൃശൂര്‍ ടൈറ്റന്‍സിനെതിരായ മല്‍സരത്തില്‍ 54 പന്തുകളിൽ നിന്നാണ് കെ.പി മൂന്നക്കം തൊട്ടത്. ടീം ട്രിവാന്‍ഡ്രം കെ.സി.എല്ലില്‍ നിരാശപ്പെടുത്തിയെങ്കിലും റണ്‍നേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട് ഈ ക്യാപ്റ്റന്‍ ഫന്റാസ്റ്റിക്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയുമടക്കം 368 റണ്‍സുമായി സഞ്ജു സാംസണെ മറികടന്നാണ് കൃഷ്ണപ്രസാദ് രണ്ടാമതെത്തിയത്.
നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത നായകന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ട്രിവാന്‍ഡ്രം റോയല്‍സിനു ത്രില്ലിങ് മൂഡ്. 54 പന്തുകളിൽ നിന്നാണ് കൃഷ്ണപ്രസാദ് സെഞ്ചറി നേടിയത്. ഓപ്പണറായി എത്തിയ കൃഷ്ണപ്രസാദിന് മറുവശത്ത് വിക്കറ്റ് വീഴ്ച്ച കാണേണ്ടി വന്നെങ്കിലും വമ്പനടികള്‍ക്ക് കുറവുവരുത്തിയില്ല.
റിയ ബഷീറും എം. നിഖിലുമായി ചേർന്ന് കൃഷ്ണപ്രസാദ് ഉയർത്തിയ കൂട്ടുകെട്ടുകളാണ് റോയല്‍സിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 119 റൺസുമായി നായകന്‍ പുറത്താകാതെ നിന്നു. 62 പന്തുകളിൽ ആറ് ഫോറും പത്ത് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന തൃശൂര്‍ ടൈറ്റന്‍സിന് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് നേടാനായത്.