പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും ഒഴിഞ്ഞ് ഡ്രീം ഇലവന്‍. ഇന്ത്യന്‍ ടീമിന്‍റെ ജഴ്സിയുടെ ടൈറ്റില്‍ സ്പോണര്‍സര്‍മാരായ ഡ്രീം ഇലവന് 353 കോടി രൂപയുടെ കരാറാണ് ബിസിസിഐയുമായിട്ട് ഉള്ളത്. പണം ഉപയോഗിച്ചുള്ള ഗെയിമുകള്‍ക്ക് നിരോധനം വന്നതോടെ ഇനി സ്പോണ്‍സര്‍ഷിപ്പ് തുടരാനാകില്ലെന്ന കാര്യം ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ഇതോടെ പുതിയ സ്പോണ്‍സറെ തിരയുകയാണ് ടീം ഇന്ത്യ.
ഇന്ത്യന്‍ ടീമുമായി കരാറിലെത്തിയ ശേഷം തകര്‍ച്ച നേരിട്ടതോ പ്രതിസന്ധിയിലായതോ ആയ ടീമുകളില്‍ ആദ്യത്തെ ടീമല്ല ഡ്രീം ഇലവന്‍. 2023 ല്‍ ബൈജൂസ് ആപ്പിന് ശേഷമാണ് ഡ്രീം ഇലവന്‍ മൂന്നു വര്‍ഷത്തേക്ക് ബിസിസിഐയുമായി കരാറിലെത്തുന്നത്.
2002 മുതല്‍ 2013 വരെ നീണ്ട 12 വര്‍ഷമാണ് സഹാറ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്പോണ്‍സര്‍ ചെയ്തത്. പിന്നീട് റെഗുലേറ്ററി ലംഘനങ്ങളുടെ പേരില്‍ സഹാറയ്ക്ക് സെബിയുടെ നടപടി നേരിടേണ്ടി വന്നു. ഇതിന് ശേഷം സ്റ്റാര്‍ ഇന്ത്യയായിരുന്നു ഇന്ത്യയുടെ സ്പോണ്‍സര്‍. 2014-17 വരെ നീണ്ട ബന്ധം അവസാനിച്ചത് കോമ്പറ്റീഷന്‍ കമ്മീഷന്‍റെ അന്വേഷണത്തോടെയാണ്.
2017-19 വരെ ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഓപ്പോ ആണ് ഇന്ത്യന്‍ ടീമിന്‍റെ സ്പോണ്‍സറായത്. അഞ്ച് വര്‍ഷത്തേക്ക് 1,079 കോടി രൂപയുടേതായിരുന്നു കരാര്‍. പിന്നീട് ചൈന വിരുദ്ധ പ്രതിഷേധങ്ങള്‍ കമ്പനിയുടെ വിപണി വിഹിതത്തെയും ഇന്ത്യയിലെ സാന്നിധ്യത്തെയും ബാധിച്ചു.
ഓപ്പോയ്ക്ക് പിന്‍ഗാമിയായാണ് ബൈജൂസ് ആപ്പ് എത്തുന്നത്. കമ്പനി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ സ്പോണ്‍സര്‍ഷിപ്പ്. 2023 വരെ 1000 കോടി അടച്ച് കമ്പനി ഇന്ത്യന്‍ ടീമുമായുള്ള ബന്ധം തുടര്‍ന്നു. എന്നാല്‍ 2024 ലാണ് കമ്പനി പാപ്പരത്വത്തിലേക്ക് നിങ്ങിയത്.