Bengaluru: West Zone player Cheteshwar Pujara at a break time during the third day of the Duleep Trophy final cricket match between South Zone and West Zone, at M. Chinnaswamy Stadium in Bengaluru, Friday, July 14, 2023. (PTI Photo/Shailendra Bhojak)(PTI07_14_2023_000372A)

.

ചേതേശ്വര്‍ പൂജാര രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 103 ടെസ്റ്റില്‍ നിന്ന് 43.6 ശരാശരിയില്‍ 7195 റണ്‍സ് നേടിയിട്ടുണ്ട്. 206* റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍. 19 സെഞ്ചറിയും 35 അര്‍ധ സെഞ്ചറിയും നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി അവസാനം കളിച്ചത് 2023ലാണ്.  

‘ഇന്ത്യൻ ജഴ്സി ധരിച്ച്, ദേശീയ ഗാനം ആലപിച്ച്, ഓരോ തവണ ഗ്രൗണ്ടിലിറങ്ങുമ്പോഴും എന്റെ ഏറ്റവും മികച്ച പ്രകടനത്തിനു വേണ്ടിയാണു ശ്രമിച്ചത്. പക്ഷേ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടാകുമല്ലോ. വളരെ നന്ദിയോടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ‌നിന്നും വിരമിക്കാൻ ഞാൻ തീരുമാനിക്കുന്നു.’–പൂജാര എക്സില്‍ കുറിച്ചു.

കാൽമുട്ടിനു മുകളിലേക്ക് ഉയരാത്ത ബാറ്റ് ലിഫ്റ്റ്, ബോളർ റണ്ണപ് തുടങ്ങുന്നതു മുതൽ പന്ത് തിരികെ ബോളറുടെ കയ്യിൽ എത്തുന്നതു വരെ പന്തിൽ നിന്നു കണ്ണെടുക്കാത്ത ഏകാഗ്രത, ഒപ്പം ഒരു ക്ലാസിക് ടെസ്റ്റ് ബാറ്റർക്കു വേണ്ട ക്ഷമയും സഹിഷ്ണുതയും; രാഹുൽ ദ്രാവിഡിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ  ‘വൻമതിലായി’ ക്രിക്കറ്റ് ലോകം വാഴ്ത്തിപ്പാടിയതാരമാണ് ചേതേശ്വർ പൂജാര. 

രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ എന്നീ ടെസ്റ്റ് സ്പെഷലിസ്റ്റുകൾ കളി മതിയാക്കാൻ ഒരുങ്ങിയപ്പോൾ ടോപ് ഓർഡർ ബാറ്റിങ്ങിലേക്ക് അവർക്കൊരു പകരക്കാരനെ അന്വേഷിച്ച ഇന്ത്യൻ ടീം മാനേജ്മെന്റിനു മുന്നിൽ വന്ന ആദ്യ ഓപ്ഷനായിരുന്നു പൂജാര. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 51.90, ലിസ്റ്റ് എ മത്സരങ്ങളിൽ 56.50 എന്നിങ്ങനെ ബാറ്റിങ് ശരാശരിയുമായി ആഭ്യന്തര ക്രിക്കറ്റിൽ നിറഞ്ഞാടിയ സമയത്താണ് പൂജാരയെ ടെസ്റ്റ് ടീമിലേക്കു വിളിക്കുന്നത്. 2010 ഒക്ടോബറിൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം. നാലാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ പൂജാര ആദ്യ ഇന്നിങ്സിൽ നിരാശപ്പെടുത്തിയെങ്കിലും (4 റൺസ്) രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറിയുമായി (89 പന്തിൽ 72) വരവറിയിച്ചു. ഒരു വർഷത്തിനിപ്പുറം ദ്രാവിഡും ലക്ഷ്മണും വിരമിച്ചതോടെ ഇന്ത്യൻ ടോപ് ഓർഡറിലെ അവിഭാജ്യഘടകമായി പൂജാര മാറി.

വിദേശ ടെസ്റ്റ് പര്യടനങ്ങളിൽ കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ലെങ്കിലും ഇന്ത്യൻ പിച്ചുകളിലെ ഭേദപ്പെട്ട പ്രകടനം പൂജാരയെ ടീമിലെ വിശ്വസ്തനാക്കി മാറ്റി. കരിയറിൽ 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 43.61 റൺസ് ശരാശരിയിൽ 7195 റൺസ് നേടിയ പൂജാര, ഇന്ത്യയിൽ കളിച്ച 51 ടെസ്റ്റ് മത്സരങ്ങളിൽ 52.59 റൺസ് ശരാശരിയിൽ 3839 റൺസ് നേടി. എന്നാൽ വിദേശത്തു കളിച്ച 52 ടെസ്റ്റ് മത്സരങ്ങളിൽ 36.48 ആണ് പൂജാരയുടെ ബാറ്റിങ് ശരാശരി. വിദേശത്തെ മങ്ങിയ പ്രകടനത്തിന്റെ കുറവ് നാട്ടിലെ മികച്ച ഇന്നിങ്സുകളിലൂടെയാണ് പൂജാര മറികടന്നത്. 2017ൽ ടെസ്റ്റ് ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയതാണ് പൂജാരയുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടം.

2017ൽ 67.06 ആയിരുന്നു ടെസ്റ്റിൽ പൂജാരയുടെ ബാറ്റിങ് ശരാശരി. എന്നാൽ തൊട്ടടുത്ത വർഷം അത് 38.05 ആയി കുറഞ്ഞു. അവിടം തൊട്ടാണ് പൂജാരയുടെ വീഴ്ച ആരംഭിക്കുന്നത്. 2019ൽ ബാറ്റിങ് ശരാശരി 46.09 ആയി ഉയർന്നെങ്കിലും 2020ൽ അത് 20.38 ലേക്ക് വീണു. ടീമിൽ നിന്ന് പൂജാര ഏറക്കുറെ പുറത്താകുമെന്ന് ഉറപ്പിച്ച സമയത്താണ് 2021ൽ ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര ജയിക്കുന്നത്. പരമ്പരയിൽ 29.20 ശരാശരിയിൽ 271 റൺസാണ് പൂജാര നേടിയത്. ഓസ്ട്രേലിയൻ പേസർമാരുടെ ബൗൺസറുകൾ ശരീരത്തിലേക്ക് ഏറ്റുവാങ്ങി ‘പ്രതിരോധം’ തീർത്ത പൂജാരയെ അന്ന് ക്രിക്കറ്റ് ലോകം ആഘോഷിച്ചു. പൂജാരയുടെ ടെസ്റ്റ് കരിയറിന് ആയുസ്സ് നീട്ടിനൽകിയത് ഈ പരമ്പരയായിരുന്നു. എന്നാൽ വീണ്ടും രാജ്യാന്തര മത്സരങ്ങളിൽ നിരാശപ്പെടുത്തിയ പൂജാരയ്ക്ക് അവസാനത്തെ പിടിവള്ളി ഇക്കഴിഞ്ഞ ടെസ്റ്റ് ലോക ചാംപ്യൻഷിപ് ഫൈനലായിരുന്നു. പക്ഷേ, അവിടെയും പിഴച്ചതോടെ (14,27 എന്നിങ്ങനെയായിരുന്നു ഫൈനലിൽ പൂജാരയുടെ സ്കോർ) പുറത്തേക്കുള്ള വഴിയൊരുങ്ങി.

ട്വന്റി20 ശൈലിയിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ബാസ്ബോൾ രീതിയുടെ വരവും ഒരുപരിധിവരെ പൂജാരയുടെ പുറത്താകലിനു കാരണമാണ്. ടെസ്റ്റിൽ സ്ട്രൈക്ക് റേറ്റിനു പ്രസക്തിയില്ലെന്ന് കരുതിയ കാലം കഴിഞ്ഞു. 44.37 ആണ് പൂജാരയുടെ കരിയർ സ്ട്രൈക്ക് റേറ്റ്. 

അമിത പ്രതിരോധത്തിൽ ഊന്നിയ ബാറ്റിങ്ങിന്റെ പേരിൽ പൂജാര പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. സ്ട്രൈക്ക് റേറ്റിനൊപ്പം ബാറ്റിങ് ശരാശരിയും താഴേക്കുവന്നത് പൂജാരയ്ക്ക് തിരിച്ചടിയായി. 

ENGLISH SUMMARY:

Cheteshwar Pujara has announced his retirement from international cricket. For India, he played 103 Tests, scoring 7,195 runs at an average of 43.6, with a highest score of 206*. He registered 19 centuries and 35 half-centuries in his career, last representing India in 2023.With a compact bat lift, unwavering concentration from the bowler’s run-up until the ball reached back, and immense patience and resilience — qualities of a classic Test batter — Pujara was hailed as India’s “Great Wall” in Test cricket after Rahul Dravid.