TOPICS COVERED

കേരള ക്രിക്കറ്റ് ലീഗിന് അതിവേഗം സ്റ്റേഡിയം തയാറാക്കിയതിനാല്‍ മാത്രമാണ് ലോകകപ്പ് മല്‍സരങ്ങള്‍ കാര്യവട്ടം സ്പോര്‍ട് ഹബ് സ്റ്റേഡിയത്തിന് ലഭിച്ചത്. മൈതാനമൊഴികെ മറ്റ് ഇടങ്ങളിലെ  പരിപാലനത്തിലെ വീഴ്ച കാരണം  ലോകകപ്പ് വേദിയാക്കാന്‍ പറ്റില്ലെന്ന് ഈ വര്‍ഷം ജൂണില്‍ ബി.സി.സി.ഐ പറഞ്ഞിരുന്നു.സിനിമാ ചിത്രീകരണത്തിന് ഉള്‍പ്പടെ സ്റ്റേഡിയം  വിട്ടുകൊടുത്തതായിരുന്നു കാരണം.

തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ വനിതാ  ലോകകപ്പിലെ സെമിഫൈനല്‍ ഉള്‍പ്പടെ അഞ്ചുമല്‍സരങ്ങള്‍ ലഭിച്ചതിന് മുഖ്യകാരണം കേരള ക്രിക്കറ്റ് ലീഗ് തന്നെയാണ്. മറ്റൊന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ ഭാഗ്യക്കേടും. ജൂണില്‍ താറുമാറായിക്കിടന്ന സ്റ്റേഡിയത്തിന് പുതുജീവന്‍ പകര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിച്ച ബോണസായി ലോകകപ്പ് മല്‍സരം.

കെ.സിഎല്ലിന് വേണ്ടി നാല് ഫ്ലറ്റ്ലിറ്റ് ടവറുകളും എച്ച് ഡി ടെലിവിഷന്‍ സംപ്രേഷണത്തിന് യോജ്യമായ രീതിയില്‍ നവീകരിച്ചു.392 ലൈറ്റുകള്‍  എല്‍.ഇ.ഡി യാക്കിമാറ്റി. മല്‍സരത്തിനിടെയുള്ള സംഗീതശകലത്തിന് അനുസരിച്ച് ചലിപ്പിക്കാവുന്ന ഡൈനാമിക് ഓഡിയോ റിയാക്ടീവ് ലൈറ്റിങ് സ്ഥാപിച്ചു.പതിനെട്ടുകോടിരൂപയാണ് ഇതിന് ചെലവായത്.

ഇതല്ലാം ബി.സി.സി.ഐ പരിഗണിച്ചു. ബെംഗ്ലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് അനുമതി ലഭിക്കാത്തത് മറ്റൊരുകാരണം. അതുകൊണ്ടാണ് അവിടെ സംഘടിപ്പിക്കേണ്ട മല്‍സരങ്ങള്‍ കാര്യവട്ടത്ത് എത്തിയത്. ഇനിയും ഈ സ്റ്റേഡിയം നശിക്കാന്‍ പാടില്ല. സ്റ്റേഡിയത്തിന്റെ ഔട്ട് ഫീല്‍ഡും പിച്ചും കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലാണെങ്കിലും കെട്ടിട സമുച്ചയവും പരിസരവും ഉള്‍പ്പടെ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡാണ് കൈകാര്യം ചെയ്യുന്നത്. 

സിനിമാ ചിത്രീകരണത്തിന് ഉള്‍പ്പടെ സ്റ്റേഡിയം  വിട്ടുകൊടുക്കാറുണ്ട്. ഐ.സി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണിത്. ഇതോടെയാണ  വനിതാ ലോകകപ്പിന്റെ  അഞ്ചു മത്സരങ്ങള്‍ക്ക് വേദിയാകുവാനുള്ള അവസരം ജൂണില്‍ കൈവിട്ടുപോയത്. രാജ്യാന്തര സ്റ്റേഡിയങ്ങള്‍ കായികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും കാറ്റില്‍പ്പറത്തിയാണ് കെ.എസ്.എഫ്.എല്‍ സിനിമാാ ഷൂട്ടിങ്ങിന് വിട്ടുകൊടുത്തത്. 

ENGLISH SUMMARY:

Kerala Cricket League played a key role in Karyavattom Sports Hub securing World Cup matches. The stadium was nearly rejected by the BCCI due to poor maintenance, but the KCL-led renovations impressed officials and secured the matches.