India's Sanju Samson bats during the Twenty20 cricket match between England and India in Rajkot, India, Tuesday, Jan. 28, 2025. (AP Photo/Ajit Solanki)
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരാത്തതിന്‍റെ കാരണങ്ങളിലൊന്ന് ഓപ്പണിങ് സ്ഥാനം സംബന്ധിച്ച പ്രശ്നങ്ങളാണ്. യശസി ജയ്സ്വാളും വൈഭവ് സൂര്യവന്‍ശിയും ഓപ്പണിങ് തിളങ്ങിയതോടെയാണ് സഞ്ജു ടീം മാറ്റം പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഓപ്പണിങില്‍ പിണങ്ങിയ സഞ്ജുവിന് ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുമോ? ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങാന്‍ സാധിക്കുമോ?
ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് വലിയ മത്സരം. 12 മാസത്തിനിടെ മൂന്ന് സെഞ്ചറിയോടെ സഞ്ജു സ്ഥാനം ഉറപ്പിച്ചെന്ന് കരുതാമെങ്കിലും റിഷഭ് പന്ത്, കെ.എല്‍ രാഹുല്‍, ഇഷന്‍ കിഷന്‍. ധ്രുവ് ജുറൈല്‍, ജിതേഷ് ശര്‍മ, പ്രഭ്സിമ്രാൻ സിങ് എന്നിവര്‍ കീപ്പര്‍ സ്ഥാനത്തേക്ക് മത്സരം കടുപ്പിക്കുന്നത്. സമീപകാലത്ത് ട്വന്‍റി20യില്‍ സഞ്ജുവിന്‍റെ മികച്ച സ്ട്രൈക്ക് റേറ്റാണ് മുന്‍തൂക്കത്തിന് കാരണം.
കഴിഞ്ഞ 12 മാസത്തിനിടെ സഞ്ജു മൂന്ന് സെഞ്ചറി നേടി. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ ഇന്ത്യാ പര്യടനത്തില്‍ സഞ്ജുവിന്‍റെ ഫോം മോശമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാല് ഇന്നിങ്സില്‍ നിന്ന് രണ്ട് സെഞ്ചറിയടക്കം 194.59 സ്ട്രൈക്ക് റേറ്റ് സഞ്ജുവിനുണ്ട്. 34.91 ശരാശരിയില്‍ 838 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് സെഞ്ചറിക്കൊപ്പം രണ്ട് അര്‍ധ സെഞ്ചറിയും. ഇത്രയും അനുകൂലമാണെങ്കിലും ടീമില്‍ സ്ഥാനം ഉറപ്പില്ല.
ട്വന്‍റി 20 ടീമിലേക്ക് ശുഭ്മാന്‍ ഗില്‍ എത്തുന്നതോടെ അഭിഷേക് ശര്‍മയ്ക്കൊപ്പം ഗില്‍ ഓപ്പണറാകും. ഇതോടെ സഞ്ജുവിന്‍റെ ഓപ്പണിങ് പ്രതീക്ഷകള്‍ മങ്ങും. ശ്രേയസ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍, ഐപിഎല്‍ ഓറഞ്ച് ക്യാപ് ജേതാവ് സായ് സുദര്‍ശന്‍ എന്നിവരും ടോപ്പ് ഓഡറില്‍ ഇറങ്ങാന്‍ കരുത്തുള്ളവരാകുമ്പോള്‍ സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ ഒരു സ്ഥാനം ഉറപ്പില്ല.
സഞ്ജുവിന്‍റെ കൂറ്റനടികള്‍ പിറന്നത് മുഴുവന്‍ ടോപ്പ് ഓഡറിലാണ്. 174.52 ആണ് ടോപ്പ് ഓഡറിലെ സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ്. മിഡ് ഓഡറില്‍ 18 ഇന്നിങ്സില്‍ നിന്നാണ് ഒരു അര്‍ധ സെഞ്ചറിയാണ് സഞ്ജു നേടിയത്. 123.88 ആണ് സ്ട്രൈക്ക് റേറ്റ്. മിഡില്‍ ഓവറില്‍ കളിക്കാന്‍ സാധിക്കുന്ന ഋഷഭ് പന്ത്, ജിതേഷ് ശര്‍മ, ധ്രുവ് ജുറൈല്‍, എവിടെയും തിളങ്ങുന്ന കെ.എല്‍ രാഹുല്‍ എന്നിവരും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്നവരായതിനാല്‍ സഞ്ജുവിന്‍റെ സാധ്യത കണ്ടറിയേണ്ടതാണ്.
സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ 28 വരെ യുഎഇയിലാണ് 2025 ലെ ഏഷ്യാകപ്പ് ട്വന്‍റി-20 ടൂര്‍ണമെന്‍റ് നടക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, യുഎഇ, ഒമാന്‍ എന്നിവരാണ് എ ഗ്രൂപ്പില്‍ വരുന്നത്. അതായത്, ടൂര്‍ണമെന്‍റില്‍ ഇന്ത്യ–പാക്ക് പോരാട്ടം മൂന്ന് തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.