ഓവലില്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 6 റണ്‍സിന് കീഴടക്കി ഇന്ത്യയ്ക്ക് നാടകീയ ജയം. അവസാനനിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മുഹമ്മദ് സിറാജിന്‍റെ 5 വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്ക്ക് രക്ഷയായത്. പരുക്കേറ്റ കൈയ്യുമായി അവസാന ബാറ്ററായി ക്രീസിലെത്തിയ ക്രിസ് വോക്സിന്‍റെ നിശ്ചയദാര്‍ഢ്യത്തെയും മറികടന്നാണ് ഇന്ത്യയുടെ ജയം. വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി.
ഇംഗ്ലണ്ട് 367 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ചുമല്‍സരങ്ങളുടെ പരമ്പര സമനിലയില്‍ (2–2) കലാശിച്ചു. ഇന്നു കളി തുടങ്ങിയതിനു പിന്നാലെ ജെയ്മി സ്മിത്ത് (രണ്ട്), ജെയ്മി ഓവര്‍ടൻ (ഒൻപത്) എന്നിവരെ പുറത്താക്കിയ പേസർ മുഹമ്മദ് സിറാജ് കളി ഇന്ത്യയുടെ വരുതിയിലാക്കി. സ്കോർ 347 ൽ നിൽക്കെ ജെയ്മി സ്മിത്തിനെ സിറാജ് ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചു. 354 ൽ ജെയ്മി ഓവര്‍ടൻ എൽബിഡബ്ല്യു ആയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി.
ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിലാണ് അവസാന ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്.രണ്ടാം ഇന്നിങ്സിൽ സെഞ്ചറി നേടിയ ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും ഇന്നിങ്സുകളാണ് ഞായറാഴ്ച കളി ഇംഗ്ലണ്ടിന്റെ കയ്യിലെത്തിച്ചത്. 98 പന്തുകൾ നേരിട്ട ഹാരി ബ്രൂക്ക് രണ്ടു സിക്സുകളും 14 ഫോറുകളും ഉൾപ്പടെ 111 റൺസെടുത്തു. 152 പന്തുകളിൽനിന്ന് ജോ റൂട്ട് 105 റൺസടിച്ചു. 12 ഫോറുകളാണ് റൂട്ട് ബൗണ്ടറി കടത്തിയത്. 106ന് മൂന്ന് എന്ന നിലയിൽനിന്ന് ഇംഗ്ലണ്ടിനെ 300 കടത്തിയാണ് ബ്രൂക്ക്– റൂട്ട് സഖ്യം പിരിഞ്ഞത്. ബെൻ ഡക്കറ്റ് (83 പന്തിൽ 54), ഒലി പോപ് (34 പന്തിൽ 27), സാക് ക്രൗലി (36 പന്തിൽ 14) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറർമാർ.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 396 റൺസെടുത്ത് ഓൾഔട്ടായിരുന്നു. സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 164 പന്തുകൾ നേരിട്ട ജയ്സ്വാൾ രണ്ടു സിക്സുകളും 14 ഫോറുകളും ഉൾപ്പടെ 118 റൺസെടുത്തു. വാഷിങ്ടന്‍ സുന്ദർ (46 പന്തിൽ 53), ആകാശ്ദീപ് (94 പന്തിൽ 66), രവീന്ദ്ര ജഡേജ (77 പന്തിൽ 53) എന്നിവർ അര്‍ധ സെഞ്ചറികൾ നേടി. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 23 റൺസിന്റെ ലീഡ് നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ 69.4 ഓവറിൽ 224 റൺസെടുത്തു പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 51.2 ഓവറിൽ 247 റൺസടിച്ചു.