സെപ്റ്റംബറിലാണ് ഏഷ്യാകപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ ഇംഗ്ലണ്ട് പര്യടനത്തി ശേഷം അധികം സമയമില്ല. ദുബായ്, അബുദാബി എന്നിവിടങ്ങളിലായാണ് ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയ്ക്കായി സഞ്ജു കളിക്കുമോ എന്നതാണ് മലയാളികളെ സംബന്ധിച്ച ആദ്യ ചോദ്യം. 

ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജു സാംസണ്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണം എന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര ആവശ്യപ്പെടുന്നത്. അതിനാല്‍ തന്നെ ടീമില്‍ ഋഷഭ് പന്ത് ഉണ്ടാകില്ലെന്നും ചോപ്ര പറയുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്‍റി 20 പരമ്പരയ്ക്ക് കളിച്ച ടീമിനെ തന്നെയാകും ഇന്ത്യ ഏഷ്യാകപ്പിന് പരിഗണിക്കുക എന്നും ചോപ്ര വിലയിരുത്തുന്നു. 

ഋഷഭ് പന്തിനെ പറ്റി ചര്‍ച്ചകളുണ്ടായിരിക്കാം. ദീര്‍ഘകാല പരുക്കില്‍ നിന്നും തിരിച്ചെത്തുന്നതിനാല്‍ അത് സംഭവിക്കില്ല. സഞ്ജു സാംസൺ അഭിഷേക് ശർമ്മയോടൊപ്പം ഓപ്പണിംഗ് ചെയ്യും, എന്നാണ് ചോപ്രയുടെ നിരീക്ഷണം. മുഹമ്മദ് ഷമി  ഏഷ്യാകപ്പ് കളിക്കില്ലെന്നും ജസ്പ്രിത് ബുമ്രയുടെ കാര്യത്തില്‍ സംശയമുണ്ടെന്നും ചോപ്ര പറഞ്ഞു. ഒവല്‍ ടെസ്റ്റില്‍ ബുംറ കളിച്ചില്ലെങ്കില്‍ ഏഷ്യകപ്പിനുള്ള ടീമില്‍ ബുംറയെ പ്രതീക്ഷിക്കാമെന്നാണ് ചോപ്ര പറയുന്നത്. 

സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ 28 വരെ യുഎഇയിലാണ് 2025 ലെ ഏഷ്യകപ്പ് ട്വന്‍റി-20 ടൂര്‍ണമെന്‍റ് നടക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, യുഎഇ, ഒമാന്‍ എന്നിവരാണ് എ ഗ്രൂപ്പില്‍‌ വരുന്നത്. അതായത്, ടൂര്‍ണമെന്‍റില്‍ ഇന്ത്യ–പാക്ക് പോരാട്ടം മൂന്ന് തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. 

ENGLISH SUMMARY:

Sanju Samson's potential opening role for India in the upcoming Asia Cup is a key discussion, with Aakash Chopra advocating for his inclusion alongside Abhishek Sharma. This analysis also explores the squad's composition, Rishabh Pant's absence, and the anticipated India-Pakistan clashes in the UAE.