Image Credit: AFP, PTI
ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിെല ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തില്‍ ബിസിസിഐ നിര്‍ണായക തീരുമാനത്തിന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ പരിശീലകര്‍ക്കടക്കം സ്ഥാനചലനം സംഭവിച്ചേക്കാമെന്നാണ് ദ് ടെലിഗ്രാഫിന്‍റെ റിപ്പോര്‍ട്ട്. കോച്ച് ഗൗതം ഗംഭീറിന്‍റെ സ്ഥാനം സുരക്ഷിതമാണെങ്കിലും ബോളിങ് കോച്ചായ മോണ്‍ മോര്‍ക്കലും അസിസ്റ്റന്‍റ് കോച്ചായ റയാന്‍ ടെനും തെറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിച്ചിരിക്കുന്നത്. പരമ്പര കഴിഞ്ഞ് ടീം നാട്ടിലെത്തുന്നതിന് പിന്നാലെ തന്നെ വിശദമായ വിലയിരുത്തല്‍ ഉണ്ടാകും. പക്ഷേ സെപ്റ്റംബറിലെ ഏഷ്യാക്കപ്പോടെ നിര്‍ണായക തീരുമാനങ്ങള്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ബോളിങ് കോച്ചായി മോണ്‍ മോര്‍ക്കലിനെയും അസിസ്റ്റന്‍റായി റയാനെയും ആവശ്യപ്പെട്ടത് ഗംഭീറായിരുന്നു. എന്നാല്‍ ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ കാര്യമായി സംഭാവന ചെയ്യാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലാണ് ബിസിസിഐക്ക് ഉള്ളത്. പ്രത്യേകിച്ചും ഒറ്റ പേസറെ പോലും മെച്ചപ്പെടുത്താന്‍ മോര്‍ക്കലിന് കഴിഞ്ഞില്ലെന്ന രൂക്ഷ വിമര്‍ശനവും ബിസിസിഐയില്‍ ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ഗംഭീറിന്‍റെ കാര്യത്തില്‍ ബിസിസിഐ നിലവില്‍ കടുത്ത തീരുമാനങ്ങള്‍ എടുത്തേക്കില്ല. ടീമില്‍ തലമുറമാറ്റം നടക്കുന്നതിനാല്‍ ഈ സമയം കോച്ചിനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. ടീമിന്‍റെ സന്തുലിതാവസ്ഥയെ കുറിച്ച് വാതോരാതെ പറയുന്നയുന്ന കോച്ചുമാര്‍ കുല്‍ദീപിനെ പോലെയൊരു ലോകോത്തര താരത്തെ പുറത്തിരുത്തിയതിന്‍റെ സാംഗത്യം പിടികിട്ടുന്നില്ലെന്ന് ബിസിസിഐ ഉന്നതന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
മാഞ്ചസ്റ്ററില്‍ കുല്‍ദീപിനെ പുറത്തിരുത്തി തുടക്കക്കാരനായ അന്‍ഷുളിനെ ഇറക്കിയത് ആരാധകരെയും മുന്‍താരങ്ങളെയും ഒരുപോലെ ചൊടിപ്പിച്ചിരുന്നു. കുല്‍ദീപിനെ ഒഴിവാക്കിയത് ടീമിനുള്ളിലും മാനെജ്മെന്‍റിലും വലിയ ചര്‍ച്ചയായിരുന്നുവെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ വിന്‍ഡിസുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കോച്ചുമാരില്‍ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.