ben-stokes-jadeja

ഇന്ത്യ– ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ വാഷിംഗ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും ചേർന്നാണ് ഇംഗ്ലണ്ടിന് പരമ്പര വിജയം നിഷേധിച്ചത്. അവസാന രണ്ട് സെഷനുകളിലായി 45.2 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ബാറ്റ് ചെയ്ത ഇരുവരും 202 റൺസാണ് കൂട്ടിച്ചേർത്തത്. 

പന്തെറിഞ്ഞ് മടുത്തതോടെ അവസാന മണിക്കൂറില്‍ മൈതാനത്ത് ചില നാടകീയത കൊണ്ടുവരാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ ശ്രമിച്ചു. ഹസ്തദാനം ചെയ്ത് മല്‍സരം സമനിലയില്‍ പിരിയാം എന്നായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സിന്‍റെ ആവശ്യം. ജഡേജയുടെ സ്കോർ 89 ലും വാഷിങ്ടൺ സുന്ദർ 80 തിലും നിൽക്കുമ്പോഴാണ് സ്റ്റോക്ക്സ് ആവശ്യവുമായി ജഡേജയെ സമീപിച്ചത്. 

ബെൻ സ്റ്റോക്ക്സ് തൻറെ ആവശ്യവുമായി അംപയരെ സമീപിച്ചെങ്കിലും ബാറ്റിങ് തുടരാൻ ഇന്ത്യൻ താരങ്ങള്‍ തീരുമാനിക്കുകയായിരുന്നു. കളിയുടെ നിയമങ്ങൾ അനുസരിച്ച്, അവസാന മണിക്കൂറിൽ ഫലം സാധ്യമല്ലെന്ന് ഇരു ടീമുകളും സമ്മതിച്ചാൽ സമനിലയായി പ്രഖ്യാപിക്കാം. ഇന്ത്യയ്ക്ക് 75 റൺസിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡുള്ളപ്പോഴാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സമനില ആവശ്യവുമായി എത്തിയത്. 

'ജദ്ദൂ, ഹാരി ബ്രൂക്കിനും ജോ റൂട്ടിനുമെതിരെ ഒരു ടെസ്റ്റ് സെഞ്ചറി നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?' എന്നാണ് സ്റ്റോക്സ് പരിഹാസത്തോടെ ജഡേജയോട് ചോദിച്ചത്. 'എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല' എന്നാണ് ജഡേജ ശാന്തമായി ഇതിന് മറുപടി നൽകിയത്. ബെന്‍ സ്റ്റോക്സിന്‍റെ ആവശ്യം ജഡേജ നിരസിച്ചതോടെ ഇംഗ്ലീഷ് താരങ്ങള്‍ ചൊടിച്ചു. ഇതിനിടെ ഇടപെട്ട ഒരു ഇംഗ്ലീഷ് താരം പറഞ്ഞത്, 'സെഞ്ചറി വേണമെങ്കിൽ, നിങ്ങൾ നേരത്തെ ഇതുപോലെ ബാറ്റ് ചെയ്യണമായിരുന്നു' എന്നാണ്. 

പിന്നീട് പന്തെറിയാനെത്തിയ ഹാരി ബ്രൂക്ക് 60 കിലോമീറ്റർ വേഗതയിലാണ് പിന്നീട് പറഞ്ഞത്. ബ്രൂക്കിന്റെ പന്തിൽ തന്നെ  കൂറ്റൻ സിക്സറിലൂടെ തന്റെ സെഞ്ചറി നേടി. രണ്ട് ഓവറുകൾക്ക് ശേഷം വാഷിംഗ്ടൺ സുന്ദറും കന്നി ടെസ്റ്റ് സെഞ്ചറി നേടിയതോടെ ഇരു ടീമുകളും കൈകൊടുത്ത് സമനിലയില്‍ പിരിഞ്ഞു. 

ENGLISH SUMMARY:

Ravindra Jadeja Century: Jadeja dramatically secured his century with a six, even as Ben Stokes proposed a draw in the 4th India vs England Test match. This defiance, alongside Washington Sundar's maiden century, prevented an English series victory.