ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കെതിരെ അഞ്ചു കോടി രൂപയുടെ കേസ് ഫയല്‍ ചെയ്ത് മുന്‍ ഏജന്‍സി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലംഗമായ താരം കുടിശ്ശിക തുക നല്‍കണമെന്ന് കാണിച്ചാണ് ബംഗളൂരു ആസ്ഥാനമായ സ്ക്വയര്‍ ദി വണ്‍ ഡല്‍ഹി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. മൂന്നാം മല്‍സരത്തില്‍ പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യയിലേക്ക് തിരിച്ചെത്തിയാല്‍ വിവാദങ്ങളിലേക്ക് എത്തും.
അടയ്ക്കാനുള്ള അഞ്ച് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഏജന്‍സിയായ സ്ക്വയര്‍ ദി വണ്‍ കോടതിയിലേക്ക് പോയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കിടെയാണ് നിതീഷ് കുമാര്‍ റെഡ്ഡി നാല് വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ച് പുതിയ മാനേജരെ നിയമിച്ചത്. ഇതോടെയാണ് സ്ക്വയര്‍ ദി വണ്‍ കമ്പനി കുടിശ്ശിക തുക ആവശ്യപ്പെട്ട് നിയമനടപടിയിലേക്ക് കടന്നത്.
മാനേജ്‌മെന്‍റ് കരാർ ലംഘിച്ചുവെന്നും കുടിശ്ശിക അടച്ചില്ലെന്നും കാണിച്ച് ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്ടിലെ സെക്ഷൻ 11(6) പ്രകാരമാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കുമെന്നാണ് വിവരം. നാലു വര്‍ഷത്തിനിടെ കരാര്‍ കമ്പനി മികച്ച വാണിജ്യ, ബ്രാന്‍ഡ് ഡീലുകള്‍ നിതീഷിന് നല്‍കിയിരുന്നു. ഐ.പി.എല്ലില്‍ സൺറൈസേഴ്‌സ് ഹൈദരാബാദ് താരമാണ് നിതീഷ് കുമാര്‍.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കാൽമുട്ടിനാണ് നിതീഷിന് പരുക്കേറ്റത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് ഇതോടെ നിതീഷിനെ ഒഴിവാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇതിനകം 1-2 ഇന്ത്യ പിന്നിലാണ്.