Image Credit: AFP (Left), x.com/OfficialPitch22 (Right)
ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റിലെ മിന്നുംതാരമാണ് സര്‍ഫറാസ് ഖാന്‍. 'ഉരുളക്കിഴങ്ങ് പോലെ ഉരുണ്ടിരിക്കുന്നു'വെന്ന പരിഹാസങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന മെയ്ക്ക് ഓവറിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് താരം. വെറും രണ്ടുമാസം കൊണ്ട് 17 കിലോ ഭാരമാണ് സര്‍ഫറാസ് കുറച്ചത്. ടീ ഷര്‍ട്ടും ഷോര്‍ട്സുമണിഞ്ഞ് ജിമ്മില്‍ നിന്നുള്ള ചിത്രം സര്‍ഫറാസ് പങ്കുവച്ചത് കണ്ടവരെല്ലാം ഞെട്ടി. കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഫലമാണ് കാണുന്നെതന്നും ഇന്ത്യന്‍ ടീമിലേക്ക് വൈകാതെ സര്‍ഫറാസിന് മടങ്ങിവരാനാകുമെന്നും ചിത്രം കണ്ട ആരാധകരും കുറിക്കുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തുവെങ്കിലും സര്‍ഫറാസിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ടീമില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരന്നു ടെസ്റ്റില്‍ സര്‍ഫറാസിന്‍റെ അരങ്ങേറ്റവും. ഫിറ്റ്നസില്ലാത്തതിനാലാണ് സര്‍ഫറാസ് തഴയപ്പെട്ടതെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഹര്‍ഭജന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങള്‍ സര്‍ഫറാസിന് ഉറച്ച പിന്തുണയാണ് പ്രഖ്യാപിച്ചത്. കഠിനാധ്വാനം തുടര്‍ന്നാല്‍ ടീമിലേക്ക് കരുണിനെ പോലെ തിരികെ എത്താമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം, ഫിറ്റ്നസായിരുന്നില്ല സര്‍ഫറാസിനെ തഴഞ്ഞതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ ഇന്ത്യയുടെ ദയനീയ തോല്‍വിയാണ് സര്‍ഫറാസിനെ പുറത്തിരുത്തിയതിന് പിന്നിലെന്നായിരുന്നു ചിലരുടെ വാദം. പരമ്പരയ്ക്കിടെ ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ന്നത് സര്‍ഫറാസ് വഴിയാണെന്നും ഇതേച്ചൊല്ലി ഗംഭീറും സര്‍ഫറാസും തമ്മില്‍ ഉരസലുണ്ടായെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.